മകള്‍ക്ക് പ്രണയം നിഷേധിച്ച് 20 ദിവസം തടങ്കലിട്ട് പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് മറ്റൊരു വിവാഹം കഴിപ്പിച്ചു; കര്‍ണാടക മന്ത്രിയുടെ അടുത്ത നീക്കത്തിന് സുപ്രീം കോടതി തടയിട്ടതിങ്ങനെ…

 

ന്യൂഡല്‍ഹി: പ്രണയിച്ചു എന്ന കുറ്റത്തിന് മകളെ വീട്ടുതടങ്കലിടുകയും നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്ത കര്‍ണാടക മന്ത്രിയ്‌ക്കെതിരേ സുപ്രീം കോടതി.മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹം തടഞ്ഞ കോടതി മകളെ മാതാപിതാക്കളുടെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ച് ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാന്‍ അനുവദിച്ചു. തന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ നോക്കുന്നു എന്നാരോപിച്ച 26 കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി രേഖകളില്‍ ‘എക്സ്’ എന്നു മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഇര കര്‍ണാടക രാഷ്ട്രീയക്കാരന്റെ മകള്‍ ഗുല്‍ബര്‍ഗയിലെ വീട്ടു തടങ്കലില്‍ 20 ദിവസത്തോളം മാനസീക-ശാരീരിക പീഡനങ്ങള്‍ സഹിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് പോയത്. താന്‍ പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെയാണ് കര്‍ണാടക മന്ത്രിയും വീട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യുവതി ഡല്‍ഹി വനിതാകമ്മീഷന്റെയും ഡല്‍ഹി പോലീസിന്റെയും സംരക്ഷണയിലായി.

പെണ്‍കുട്ടിക്ക് ബംഗളുരുവിലേക്ക് മടങ്ങണമെന്നും പഠിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കണമെന്നും താല്‍പ്പര്യമുണ്ടെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എ എം ഖാന്‍വില്‍ക്കറും ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട ബഞ്ചിന് മുമ്പാകെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ഇതിന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്ന ഇടത്ത് പോകാനും വരാനും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

എന്നാല്‍ മാതാപിതാക്കളില്‍ നിന്നും വിവാഹം കഴിച്ച പുരുഷനില്‍ നിന്നും പ്രതികാര നടപടിയുണ്ടാകുമോയെന്ന ഭയത്തിലാണ് പെണ്‍കുട്ടി. തന്റെ സഹോദരന്‍ മാതാവിന്റെ പിന്തുണയോടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പെണ്‍കുട്ടിക്ക് സംരക്ഷണ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വഴിയില്‍ മാതാപിതാക്കളോ അവരുടെ ബന്ധുക്കളോ ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ തടസമാകാന്‍ പാടില്ലെന്നും പറഞ്ഞു.

എന്നാല്‍ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പെണ്‍കുട്ടിയ്ക്ക് യാതൊരു ഉപദ്രവവുമില്ലെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവളുടെ തന്നെ കയ്യില്‍ കൊടുത്തിട്ടുണ്ടെന്നും മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. അവരുടെ ജീവിതത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടലുകളും നടത്തില്ലെന്നും അവര്‍ ആവശ്യപ്പെടുന്നതെല്ലാം തിരിച്ചു കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്തുവകകള്‍ അഭിഭാഷകന്‍ മുഖേന നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ലാതെ നടത്തിയ വിവാഹം കോടതി റദ്ദാക്കി. ഇനി ഈ വിവാഹം സാധുവാകണമെങ്കില്‍ കുടുംബകോടതിയില്‍ പോകണമെന്നും പറഞ്ഞു. പിതാവിന് വലിയ സ്വാധീനമുള്ളതിനാല്‍ ബംഗളുരുവിലെ ജീവിതം സുരക്ഷിതത്വം ഇല്ലാത്തതാണെന്ന പെണ്‍കുട്ടിയുടെ വാദത്തില്‍ മതിയായ സുരക്ഷ നല്‍കാന്‍ അവിടുത്തെ പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. മാര്‍ച്ച് 14 ന് നടത്തിയ വിവാഹം തന്റെ പീഡിപ്പിച്ചായിരുന്നു നടത്തിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. തനിക്കൊരു പ്രണയമുണ്ടെന്നും വിവാഹം നിര്‍ബ്ബന്ധിച്ചാണ് നടത്തുന്നതെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

 

Related posts