യാത്ര ചെയ്തുകൊണ്ടിരിക്കെ, യാത്രക്കാരെ തല്ലിച്ചതക്കുകയും മോശമായി പെരുമാറുകയും ചെയ്ത കല്ലട ബസിന്റെ ജീവനക്കാര്‍ക്കും ഉടമസ്ഥര്‍ക്കുമെതിരെ ജനരോഷം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി ബസില്‍ പുറപ്പെട്ട മലയാളിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സുരേഷ് കല്ലട എന്ന ബസ് വഴിയരികില്‍ ബ്രേക്ക് ഡൗണ്‍ ആയതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. വേറേ ബസ് എത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യമാണ് ഗുണ്ടായിസത്തിലേക്ക് വരെ കടന്നത്. ഇത്തരത്തില്‍ കര്‍ണാട ആര്‍ടിസി ബസും വഴിയരികില്‍ തകരാറിലായി. എന്നാല്‍ ജീവനക്കാരുടെ പെരുമാറ്റം യാത്രക്കാരെ തന്നെ അമ്പരപ്പിച്ചായിരുന്നു. അതേക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കര്‍ണ്ണാടക ആര്‍ടിസി, മൈസൂര്‍ കഴിഞ്ഞ ശേഷം ബസ് കേടായി, (അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാര്‍ മാറാന്‍ പറഞ്ഞ ശേഷം ആണ്). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തില്‍ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് എസി പ്രവര്‍ത്തിപ്പിച്ചതിനാല്‍ യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരില്‍ നിന്ന് വേറേ ബസ് ആണ് എത്തിയത്,
ഇത് എഴുതാന്‍ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാന്‍ മൂന്ന് മണിക്കൂര്‍ വഴിയില്‍ കിടത്തിയ ശേഷം. ഇവിടെ കര്‍ണ്ണാടക ബസ് ജീവനക്കാര്‍ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്.
ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിേപ്പായി എങ്കിലും എസി ഒക്കെ ഓണ്‍ ചെയ്ത വെച്ച് സുഖമായി ഉറങ്ങാന്‍ സമ്മതിച്ചു. മൈസൂരില്‍ നിന്ന് വേറേ വണ്ടി എത്തിച്ചു. എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണര്‍ത്തി. ഇരുട്ടത്ത് ജീവനക്കാര്‍ ടോര്‍ച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാന്‍ അവര്‍ സഹായിച്ചു. ഇപ്പോ അതേ സൗകര്യങ്ങളുള്ള വേറൊരു ബസില്‍ യാത്ര തുടര്‍ന്നു.
ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാര്‍ക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുന്‍പേ മറ്റൊരു ബസ് എത്തിച്ചു തന്ന കെഎസ്ആര്‍ടിസി അധികൃതര്‍ക്കും ( കര്‍ണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു.