സ്വന്തം ലേഖകൻ
കൊച്ചി: മോട്ടോർവാഹന വകുപ്പിന്റെ ഒാപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ പ്രതിഷേധിച്ച് ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ-കേരള (എബിഒഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്കു കടന്നു. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നാനൂറോളം അന്തർ സംസ്ഥാന സ്വകാര്യ ബസുകളാണു സമരത്തിൽ പങ്കെടുക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസുകളുടെ ടാക്സ് കാലാവധി നാളെ തീരുന്നതിനാൽ ഇത്തരം ബസുകൾ തിരികെ കൊണ്ടുപോയി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി വാഹനങ്ങളാണ് തിരികെ കൊണ്ടുപോയിട്ടുള്ളതെന്നും കാലിയായാണു മടക്കമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ, അന്തർ സംസ്ഥാന സ്വകാര്യബസ് സമരത്തെ തുടർന്ന് വർധിച്ച തിരക്ക് മുതലാക്കി കർണാടക ആർടിസി മലയാളികളെ പിഴിയുകയാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. വാര്യാന്തത്തിലെ തിരക്ക് പരിഗണിച്ച് ഇന്നല സ്പെഷ്യൽ ബസ് എന്ന ലേബലിൽ അധിക ബസുമായി അവർ രംഗത്തെത്തിയിരുന്നു. ഈ സർവീസിന് അധിക തുക ഈടാക്കുന്നതായാണ് ആക്ഷേപം.
സമരത്തെ തുടർന്ന് അധിക ബസ് ഓടിക്കാൻ കേരളവും ആവശ്യപ്പെട്ടിരുന്നു. എറണാകുത്തേക്ക് അധികമായി ഓടിച്ച ബസുകളിൽ സീറ്റൊന്നിന് 330 രൂപയാണ് അധികമായി ഏർപ്പെടുത്തിയെന്നാണ് യാത്രികരുടെ ആക്ഷേപം. സമാനമായി കോട്ടയം, കണ്ണൂർ, കോഴിക്കോട് റൂട്ടുകളിലും ഏർപ്പെടുത്തിയ അധിക സർവീസുകൾക്ക് 250 മുതൽ 350 രൂപ വരെ അധികമായി മലയാളി യാത്രികരിൽനിന്നു പിഴിഞ്ഞതായാണു വിവരം. സമരം ശക്തമായി തുടരുന്നതിനിടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള യാത്രക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണു വലയുന്നത്.
കാലഹരണപ്പെട്ട 1988ലെ മോട്ടോർ വാഹന നിയമത്തിലെ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ അന്തർ സംസ്ഥാന ബസുകളിൽനിന്നും ദിവസേന 10,000 രൂപ പിഴയിനത്തിൽ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണു എബിഒഎ ഭാരവാഹികളുടെ ആവശ്യം. ദിവസേന 10,000 രൂപവീതം പിഴയടച്ച് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു.