ബംഗളൂരു: പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ “പുള്ളിപ്പുലി സഫാരി’ ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ.
ഇരുപതു ഹെക്ടർ ഭൂമിയാണ് സഫാരിക്കായി ചുറ്റും വല കെട്ടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇരുപതു പുള്ളിപ്പുലികളെ പാർപ്പിക്കാൻ ഇവിടെ സ്ഥലമുണ്ട്. എന്നാൽ പന്ത്രണ്ട് പുള്ളിപ്പുലികളാണു തുടക്കത്തിൽ ഉണ്ടാവുക. മൃഗശാലയുടെ പരിചരണത്തിൽ വളർത്തുന്ന ഇവ ഒരു വയസ് പ്രായമുള്ളവയാണ്.
വഴക്കില്ലാതെ പരസ്പരം ഇണങ്ങിക്കഴിയാനുള്ള പരിശീലനത്തിലാണു പുള്ളിപ്പുലികൾ. മരങ്ങളിൽ ഓടിക്കയറാൻ കഴിവുള്ള പുള്ളിപ്പുലികൾ സഫാരി പ്രദേശത്തുനിന്നു രക്ഷപ്പെടാതിരിക്കാൻ ഉയരമുള്ള മരങ്ങൾ ഒഴിവാക്കിയാണു വേലി സ്ഥാപിച്ചത്.
സിംഹം-കടുവ സഫാരി മാതൃകയിൽ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്ന കാര്യം കർണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് അറിയിച്ചത്. അടുത്ത 45 ദിവസത്തിനുള്ളിൽ പുള്ളിപ്പുലി സഫാരി യാഥാർഥ്യമാക്കാനാണു ബയോളജിക്കൽ പാർക്ക് അധികൃതരുടെ ശ്രമം. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ആകെ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ട്.