തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ പ്രാര്‍ത്ഥനകളിലും പൂജകളിലും മുഴുകി നേതാക്കള്‍! ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയും കോണ്‍ഗ്രസും പോരാടുമ്പോള്‍, നിര്‍ണായക ശക്തി അല്ലെങ്കില്‍ കിംഗ് മേക്കറായി ജെഡിഎസ്

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കെ പ്രാര്‍ത്ഥനകളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍. വോട്ടെടുപ്പു ദിനത്തിലെന്ന പോലെ പ്രാര്‍ത്ഥനകളിലാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദിയൂരപ്പയും സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുന്ന ശ്രീരാമലുവും.

ബെല്ലാരിയില്‍ മത്സരിക്കുന്ന ശ്രീരാമലുവിന്റെ വീട്ടിലാണ് പൂജ നടക്കുന്നത്. വോട്ടിങ് ദിനത്തില്‍ ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പയുടെ വീട്ടിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. യെദിയൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്നും പ്രത്യേക പ്രസാദം വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ ജെ.ഡി.യു നേതാവ് കുമാരസ്വാമിയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. അത് വോട്ടെണ്ണലിന്റെ അവസാനം വരെ തുടരുകയും ചെയ്യും. അതേസമയം ജെഡിഎസിന്റെ മുന്നേറ്റമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെഡിഎസ് കിംഗ്മേക്കര്‍ ആയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകളില്‍ നിന്ന് മനസിലാവുന്നത്. 30 നടുത്ത് സീറ്റുകള്‍ ഉറപ്പിച്ച ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്ന് തന്നെയാകും.

Related posts