കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് 100 വെടിയുണ്ടകള്‍ എക്സൈസ് പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി.
വിരാജ്പേട്ട, മടിക്കേരി, മൈസൂരു തുടങ്ങി വെടിയുണ്ട വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടെ ഇരിട്ടി പോലീസ് പോയി അന്വേഷണം നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല.
ഇക്കഴിഞ്ഞ 16ന് രാവിലെ 11ന് കിളിയന്തറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആർടിസി ബസില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പായ്ക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്സൈസ് പിടികൂടിയത്.
പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പോലീസിന് കൈമാറി.തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സംഭവം നടന്ന് ഏഴു മണിക്കൂര്‍ വൈകി വിവരം അറിയിച്ചതിനാല്‍ പോലീസിന് ബസില്‍ ഉള്ള യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ അന്നു കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകായിരുന്നു.
ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ആയതിനാലാണ് പോലീസിന് എക്സൈസ് വെടിയുണ്ട കേസ് കൈമാറിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവരം അറിഞ്ഞ ഉടന്‍തന്നെ സമഗ്ര അന്വേഷണം നടത്താന്‍ ഇരിട്ടി പോലീസിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് തന്നെ രൂപീകരിച്ചിരുന്നു.