ബംഗളൂരു: കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ യെദിയൂരപ്പയ്ക്ക് ആശ്വാസം. ആദ്യ ഫലസൂചനകളിൽ 10 ഇടത്തും ബിജെപിയാണ് മുന്നിൽ. രണ്ടിടത്ത് കോൺഗ്രസും രണ്ടിടത്ത് ജെഡിഎസുമാണ് മുന്നിൽ. നാല് സീറ്റിൽ ബിജെപി മുന്നിലാണ്. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. 11 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ.
ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പു ഫലമാണിത്. യെദിയൂരപ്പ സർക്കാരിനു ഭരണം നിലനിർത്താൻ ആറ് സീറ്റാണ് നേടേണ്ടത്. 17 വിമത കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉപതെരഞ്ഞെടുപ്പു നടന്ന 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അയോഗ്യരാക്കപ്പെട്ട 13 പേരെ ബിജെപി സ്ഥാനാർഥികളാക്കിയിരുന്നു. രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നില്ല.
ബിജെപിക്ക് സ്പീക്കറെക്കൂടാതെ105 സീറ്റാണുള്ളത്. കോൺഗ്രസിന് 66ഉം ജെഡിഎസിന് 34ഉം സീറ്റുകളുണ്ട്. ബിഎസ്പിക്ക് ഒരംഗമുണ്ട്.