സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ രൂപപ്പെടുന്ന ബിജെപി-ജെഡിഎസ് സഖ്യത്തെ തള്ളി കേരളത്തിലെ ജെഡിഎസ് നേതൃത്വം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത്തരമൊരു നീക്കത്തിലേക്ക് കടക്കില്ലെന്ന് ജെഡിഎസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ രാഷ്ട്ര ദീപികയോട് പ്രതികരിച്ചു.
ഇടതുമുന്നണിയില്‍ ഇപ്പോള്‍ പാര്‍ട്ടി സംതൃപ്തരാണ്. മറ്റാരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ല. അത്തരമൊരു ചര്‍ച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസിന് നാലു സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരള നേതാക്കൾ ബിജെപി യുമായി കൈകോർക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്.
കര്‍ണാടകയില്‍ സഖ്യം സംബന്ധിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. സഖ്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പീന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്.
ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ ജെഡിഎസ് തയാറാകുമോ എന്ന കാര്യവും സംശയമാണ്. 28 ലോക്സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 26 സീറ്റുകള്‍ എങ്കിലും സഖ്യത്തിലൂടെ നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.