യുവാക്കൾ പുകയില ഉല്പന്നം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായി ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസിൽ നിന്നും 21 ആക്കി ഉയർത്താനും ആലോചനയിട്ട് കർണാടക സർക്കാർ.
ഈ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി സിഗരറ്റ്, മറ്റ് പുകയില ഉൽപന്നങ്ങൾ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
സ്കൂളുകൾക്ക് പുറമെ ക്ഷേത്രങ്ങൾ, പള്ളികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലും പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
യുവാക്കൾ ഹുക്ക ബാറുകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതിനാൽ അവരുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നടപടികൾ ആസൂത്രണം ചെയ്യുന്നതെന്ന് റാവു പറഞ്ഞു. സംസ്ഥാന സർക്കാർ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിന് അടിമപ്പെട്ട് നിരവധി യുവാക്കളുടെ ഭാവി അപകടത്തിലാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാവു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ വേരോടെ പിഴുതെറിയാൻ സംസ്ഥാനം ഉറച്ച തീരുമാനമെടുത്തതായി പറഞ്ഞു.
സിഗരറ്റ് പോലുള്ള പുകയില ഉൽപന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.പുകയില ഉപയോഗമാണ് ഇതിനെല്ലാം അടിത്തറയിട്ടത്, അതിനാൽ ഉറവിടത്തിൽ തന്നെ ശരിയാക്കാൻ തുടങ്ങി, ഭേദഗതികൾ നടപ്പിലാക്കാൻ പ്രാദേശിക സംഘടനകളെയും പോലീസ് വകുപ്പിനെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.