കാസർഗോഡ്: സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ആംബുലൻസ് പോലും കടത്തിവിടാതായതോടെ കാസർഗോഡ് ജില്ലയിലെ ആയിരക്കണക്കിന് രോഗികളുടെ തുടർച്ചികിത്സ മുടങ്ങുന്നു.
ജില്ലയിൽ 1,000 ൽ പരം വൃക്കരോഗികളുണ്ട്. എന്നാൽ വെറും 200 ൽ താഴെ പേർക്ക് മാത്രം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. എട്ടു മെഡിക്കൽ കോളജുകളും നിരവധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമുള്ള മംഗളൂരുവാണ് കാസർഗോട്ടുകാരുടെ പ്രധാന ചികിത്സാകേന്ദ്രം.
ഡയാലിസിസും കീമോതെറാപ്പിയും പോലുള്ള തുടർച്ചികിത്സകൾക്ക് മംഗളൂരുവിനെ ആശ്രയിക്കുന്നവരുടെ എണ്ണം അനവധിയാണ്. ചികിത്സ മുടങ്ങുന്നത് ഇവരുടെ ജീവനുതന്നെ ഭീഷണിയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ണൂരിലെ ആശുപത്രികളിലേയ്ക്ക് മാറ്റാനാണ് സർക്കാർ നിർദേശമെന്നു ജില്ലാ കളക്ടർ ഡി. സജിത് ബാബു പറഞ്ഞു.
എന്നാൽ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടും മംഗളൂരുവിലേതുപോലുള്ള വിദഗ്ധ ചികിത്സ കണ്ണൂരിൽ ലഭിക്കില്ലെന്നതും രോഗികളുടെ ബന്ധുക്കളെ ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഡയാലിസിസ് ചെയ്യാൻ മംഗളൂരുവിലേയ്ക്ക് തന്റെ മകനുമായി കാറിൽ പോവുകയായിരുന്ന ചുള്ളിക്കര അയറോട്ടെ കൃഷ്ണകുമാറിനെ തലപ്പാടി അതിർത്തിയിൽ വച്ച് കർണാടക പോലീസ് തടഞ്ഞു.
കൃഷ്ണകുമാറിന്റെ മകന് ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അസുഖമാണ്. മാസത്തിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യണം. മംഗളൂരുവിലെ കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ.
22 നായിരുന്നു ഡയാലിസിസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ പടരുന്ന സാഹചര്യമായതിനാൽ പോകാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെയോടെ കുട്ടിക്ക് ക്ഷീണവും അസ്വസ്ഥതകളും തുടങ്ങി.
ഇതോടെ കൃഷ്ണകുമാർ രാജപുരം പോലീസിന്റെ അനുമതിപത്രം വാങ്ങി ഉച്ചയോടെ തലപ്പാടിയിലെത്തി. എന്നാൽ കർണാടക പോലീസ് അനുമതിപത്രം നോക്കാൻ പോലും തയാറായില്ല.
കേരള പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് വൈകുന്നേരം 4.30 ഓടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്.
കഴിഞ്ഞദിവസം മുള്ളേരിയ ബാലക്കയിലെ ഗോപാലകൃഷ്ണനും സമാനമായ അനുഭവമുണ്ടായി. ഭാര്യ ഷൈലജയെ ഡയാലിസിസിനായി കദ്രിയിലെ വിജയ ക്ലിനിക്കിൽ കൊണ്ടുപോവുകയായിരുന്നു.
മറ്റു വാഹനങ്ങൾ കിട്ടാത്തതിനാൽ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്. “”രാവിലെ അഞ്ചരയ്ക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് 45 കിലോമീറ്റർ യാത്രചെയ്താണ് തലപ്പാടിയിലെത്തിയത്. അപ്പോഴേയ്ക്കും ഷൈലജ ആകെ അവശയായിരുന്നു. എന്നിട്ടും അവരുടെ മനസലിഞ്ഞില്ല.”-ഗോപാലകൃഷ്ണൻ പറഞ്ഞു.
പിന്നീട് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും രോഗിയുടെ നില വഷളായി. തുടർന്ന് കാസർഗോട്ടെ ഒരു സ്വകാര്യാശുപത്രിയിൽ ഡയാലിസിസിന് താത്കാലിക സംവിധാനമൊരുക്കുകയായിരുന്നു. വൊർക്കാടി ധർമനഗറിലെ സുഹറ, ഉസ്മാൻ, ആനക്കല്ലിലെ ഇസ്മയിൽ എന്നിവരും കർണാടകയിലെ ആശുപത്രികളിൽ പോകാനാകാതെ വലയുകയാണ്.
അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ഇവർക്ക് ദേർളക്കട്ടയിലെ യേനപ്പോയ, കെ.എസ്. ഹെഗ്ഡെ ആശുപത്രികളിൽ എത്തിച്ചേരാൻ വെറും പത്തുകിലോമീറ്റർ യാത്ര ചെയ്താൽ മതി. എന്നാൽ ഇടവഴികൾ മുഴുവൻ കർണാടക മണ്ണിട്ടുമൂടിയതിനാൽ ഇതുവഴി നടന്നുപോകാൻ പോലും സാധിക്കില്ല. കാസർഗോഡെത്താൻ ഇവർക്ക് 40 കിലോമീറ്റർ സഞ്ചരിക്കണം.
ഡയാലിസിസ് രോഗികളെ ബൈക്കിലെത്തിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കാസര്‍ഗോഡ്: മംഗളൂരുവില്‍ ഡയാലിസിസിന് വിധേയരാകാനുള്ള രോഗികളെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍. കര്‍ണാടക പോലീസിന്റെ യാത്രാവിലക്കു മൂലം സംസ്ഥാന അതിര്‍ത്തി കടക്കാനാകാതെ വഴിമുട്ടിയ നാലു രോഗികളെയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിച്ചത്.
സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി വരെ മറ്റു വാഹനങ്ങളിലെത്തിയ രോഗികള്‍ അവിടെയിറങ്ങി ടോള്‍ബൂത്തിലൂടെ നടന്ന് കര്‍ണാടകയില്‍ പ്രവേശിച്ചശേഷം അവിടെ കാത്തുനിന്ന ബൈക്കുകളില്‍ കയറി ആശുപത്രിയിലെത്തുകയായിരുന്നു.
ആഴ്ചയില്‍ നൂറിലേറെ പേരാണ് ജില്ലയില്‍ നിന്ന് മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്നത്. ഇതിനുപുറമേ കൃത്യമായ ഇടവേളകളില്‍ കീമോതെറാപ്പിക്കായി എത്തേണ്ടവരുമുണ്ട്. ആശുപത്രി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും തലമുറകളായി മംഗളൂരുവിനെ ആശ്രയിച്ചു ശീലിച്ച കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയായിരിക്കുകയാണ് കര്‍ണാടകയുടെ യാത്രാനിരോധനം.
വരുന്ന ആഴ്ചകളില്‍ ഡയാലിസിസിന് വിധേയരാകേണ്ടവര്ക്ക് ജില്ലയിലെതന്നെ വിവിധ ആശുപത്രികളില്‍ സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണെന്ന് എ.കെ.എം. അഷ്റഫ് അറിയിച്ചു.