മുസ്ലീം വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സ്ഥലംമാറ്റം. കർണാടകയിലെ ശിവമോഗയിലെ ഉറുദു സ്കൂളിലെ അധ്യാപികയാണ് തന്റെ ക്ലാസിലെ രണ്ട് മുസ്ലീം ആൺകുട്ടികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞത്.
അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർഥികൾ ക്ലാസിൽ ബഹളം വെച്ചതിനെ തുടർന്ന് പ്രകോപിതയായ അധ്യാപിക കുട്ടികളെ ശാസിച്ചു. ഇതിന് ശേഷവും വിദ്യാർഥികൾ വഴക്ക് തുടർന്നപ്പോൾ ദേഷ്യം വന്ന അധ്യാപിക വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നതനുസരിച്ച് ‘പാകിസ്ഥാനിലേക്ക് പോകൂ, ഇത് ഹിന്ദുക്കളുടെ രാജ്യമാണ്’ എന്ന് അധ്യാപിക അവരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. കന്നഡ ഭാഷാ അധ്യാപികയായിരുന്ന ഇവർ 26 വർഷമായി ഇവിടുത്തെ സ്ഥിരം ജീവനക്കാരിയാണെന്നും കഴിഞ്ഞ എട്ട് വർഷമായി സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപികയെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റിയതായും വിഷയത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന് ശേഷം അധ്യാപികയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.