“ഹാസൻ (കർണാടക): സർക്കാർ സർവീസിലെ ഇപ്പോഴത്തെ തൊഴിൽ സാഹചര്യം അമിതസമ്മർദം നിറഞ്ഞതാണെന്നും സർക്കാർ ജീവനക്കാരെക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നതു പാനിപ്പൂരി വിൽപ്പനക്കാരാണെന്നും കർണാടകയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഹാസൻ ജില്ലയിലെ ഹോളെനരസിപുര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണു സർക്കാർ സർവീസിലെ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. ഒരു പൊതുപരിപാടിയിലായിരുന്നു മൂർത്തിയുടെ വിമർശനം.
അമിതജോലി ഭാരത്താൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം കൂട്ടി. മുതിർന്ന ഉദ്യോഗസ്ഥർ വാട്സാപ് ഗ്രൂപ്പുകളിലൂടെ അനാവശ്യമായി കീഴ്ജീവനക്കാരെ നിരീക്ഷിക്കുകയും നിരന്തരം സമ്മർദങ്ങൾ ചെലുത്തുകയും ചെയ്യുന്നു.
ചെറിയ കാലതാമസംപോലും വകുപ്പുതല അന്വേഷണങ്ങൾക്കു കാരണമാകുന്നുവെന്നും മൂർത്തി കുറ്റപ്പെടുത്തി. അസഹനീയമായ സമ്മർദത്തെത്തുടർന്നു മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കാൻ ആലോചിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ പാനിപ്പൂരി കച്ചവടക്കാരനാകുന്നതാണ് ഉചിതമെന്നു തോന്നും.
അവർക്ക് അവധിക്കാലം ആഘോഷിക്കാനും സമാധാനത്തോടെ വീട്ടിലേക്കു മടങ്ങാനും ജീവിതം ആസ്വദിക്കാനും കഴിയും. ഇതൊന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. സ്വന്തം വീട്ടുകാരെ ആരാധനാലയങ്ങളിൽപോലും കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും കൃഷ്ണമൂർത്തി പറഞ്ഞു.