ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ 75 എംഎൽഎമാർ പങ്കെടുത്തു. നാലു വിമത എംഎഎമാർ എത്തിയില്ല. ഉമേഷ് ജാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. ഇതിൽ ബി. നാഗേന്ദ്രയും ഉമേഷ് ജാദവും യോഗത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം ബോധിപ്പിച്ചിട്ടുണ്ട്. രമേശ് ജാർകിഹോളിയും മഹേഷ് കുമതല്ലിയും കാരണവും ബോധിപ്പിച്ചിട്ടില്ല.
ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതിനാലാണ് താൻ യോഗത്തിനെത്താത്തത് എന്നാണ് നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യങ്ങൾക്കായി മുംബൈയിൽ ആയതിനാലാണ് താൻ യോഗത്തിനെത്താത്തതെന്നായിരുന്നു ഉമേഷ് ജാദവിന്റെ വിശദീകരണം.
മുംബൈയിൽ ബിജെപിയുടെ തടവിലെന്ന് ആരോപിക്കപ്പെട്ട എംഎൽഎമാരായ ഭീമ നായിക്, ബസൻ ഗൗഡ ദഡ്ഡൽ എന്നിവർ ബുധനാഴ്ച കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. ഒളിവിൽ കഴിയുന്ന എംഎൽഎമാർ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന് കോൺഗ്രസ് നേതൃത്വം അന്ത്യശാസനം നൽകിയിരുന്നു.
പേടിച്ചിട്ടൊന്നുമല്ല….ഇതാ ഇവിടെവരെ…റിസോർട്ടിലേക്ക് മാറ്റിയതിനെ ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ
ബംഗളൂരു: പാർലമെന്ററി പാർട്ടി യോഗത്തിനു പിന്നാലെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസ് നടപടിയെ ന്യായീകരിച്ച് സൗമ്യ റെഡ്ഡി എംഎൽഎ. ആരും എങ്ങോട്ടും രഹസ്യമായല്ല പോകുന്നത്. ഞങ്ങൾ എല്ലാവരും ഈഗിൾടൺ റിസോർട്ടിലുണ്ടാകും. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്-അവർ പറഞ്ഞു.
പാർട്ടിക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളും ഈ രണ്ട് ദിവസം റിസോർട്ടിൽ ചേരുന്ന യോഗങ്ങളിൽ നടക്കുമെന്നും സൗമ് റെഡ്ഡി കൂട്ടിച്ചേർത്തു.