വെള്ളാങ്കല്ലൂർ: ഒരേക്കറിലധികം വരുന്ന ചതുരക്കുളം കരൂപ്പടന്ന ചന്ത പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ദാഹമ കറ്റുന്നു. 1832 ൽ നിർമിച്ച ചതുരക്കുളമാണ് ഇന്ന് നാടിന്റെ പ്രധാന ജലസംഭരണിയായി നിലകൊ ള്ളുന്നത്. വേനലിൽ പ്രദേശത്തെ കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതിൽ ഈ കുളത്തിനു വലിയ പങ്കാണുള്ളത്. കനോലി കനാലിന്റെ തീരമായതിനാൽ ചന്തയുടെ അടുത്തുള്ള വീടുകളിലെ കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ്. കനാലിന്റെ തീരത്തുനിന്നു മാറി താമസിക്കുന്ന വീടുകളിലെ ശുദ്ധജലത്തിന്റെ പ്രധാന സ്രോതസും ഈ കുളമാണ്.
ആദ്യകാലത്ത് ഈ കുളം ഒരുപാട് പേർ ഉപയോഗിച്ചിരുന്നു. പൈപ്പുവെള്ളം എത്തിയതോടെ ഉപയോഗിക്കുന്നവരിൽ കുറവുണ്ടായിട്ടുണ്ട്. എങ്കിലും നൂറോളം കുടുംബങ്ങളും ഇതരസംസ്ഥാന തൊഴിലാളികളും ഇപ്പോഴും കുളിക്കാനും അലക്കാനും ഈ കുളം ഉപയോഗിക്കുന്നു.നേരത്തേ രണ്ടുവർഷം കൂടുന്പോൾ പഞ്ചായത്ത് അധികൃതർ ഈ കുളം വൃത്തിയാക്കുമായിരുന്നു.
ഇപ്പോൾ മൂന്നര വർഷമായി കുളം വൃത്തിയാക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കുളത്തിൽ ചെടികൾ വളർന്നും ചണ്ടികൾ അടിഞ്ഞുകൂടിയും ഒപ്പം മറ്റു മാലിന്യങ്ങൾ നിറഞ്ഞും കിടക്കുന്ന അവസ്ഥയാണ്. ചുറ്റും കെട്ടിയിട്ടുള്ള കുളത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ അവസ്ഥയിലാണ്.
ഇടിയുന്ന ഭാഗം പലപ്പോഴയി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണമായ രീതിയിലുള്ള സംരക്ഷണം ആയിട്ടില്ല. വേനലിൽ വെള്ളം കുറയുന്ന സമയത്ത് മാലിന്യപ്രശ്നം രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വെള്ളം പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അഭിപ്രായമുണ്ട്. ഏതാനും വർഷങ്ങൾക്കു മുന്പ് ജലശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി കുളം സംരക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതിനാൽ നടപ്പായില്ല.