മുക്കം: മാതൃകാപരമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്ത കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും അവ തങ്ങളുടെ പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനുമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന സംഘം കാരശ്ശേരി പഞ്ചായത്തിൽ സന്ദർശനം നടത്തി.
മാംസം മുട്ട പാൽ എന്നിവയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പിലാക്കിയ സുസ്ഥിരം കാരശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള വിവിധ ഫാമുകൾ , രാജ്യത്തെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലെജന്റ് വയോജന ക്ലബ്, ടോട്ടോച്ചാൻമാതൃകയിൽ മനോഹരമാക്കിയ അങ്കണവാടികൾ, ജല സംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയാണ് സംഘം സന്ദർശിച്ചത്.
സ്ത്രീ ശാക്തീകരണ ലിംഗ സമത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന എൻജിഒ ആയി സഖിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.പാലക്കാട് ജില്ലയിലെ നെല്ലായ, വിളയൂർ പഞ്ചായത്തിൽ നിന്നും മലപ്പുറം ജില്ലയിലെ വഴിക്കടവ്, മൂത്തേടം, തൃക്കലക്കോട്, തിരുവാലി, കരുളായി, പോരൂർ പഞ്ചായത്തിൽ നിന്നുമുള്ള ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാനത്താകമാനം പഞ്ചായത്തുകളിൽ നടപ്പാക്കാനുദ്ധേശിക്കുന്ന വുമൺ റിസോഴ്സ് സെന്ററുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളും സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. വലിയപറമ്പിലെ പകൽ വീട്ടിലെത്തിയ അഥിതികളെ കാരമൂല സ്വദേശി വേലായുധൻ പാട്ടു പാടിയാണ് സ്വീകരിച്ചത്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ തിരഞ്ഞെടുത്ത ഏക പഞ്ചായത്താണ് കാരശ്ശേരി.
കാരശ്ശേരിമാതൃക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതിൽ അഭിമാനമുണ്ടന്നും കൂടുതൽ നല്ല പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടു പോവുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.ജമീല പറഞ്ഞു.
ജില്ലയിലെ സന്ദർശനം പൂർത്തിയാക്കിയ സംഘം ഏറെ സന്തോഷം രേഖപ്പെടുത്തിയാണ് തിരിച്ചു പോയത്.