പൂവന്തുരുത്ത്: ഒരേ ദിനം കർഷക അവാർഡ് ഏറ്റുവാങ്ങിയതിന്റെ ആഹ്ലാദത്തിൽ അച്ഛനും മകനും.കോട്ടയം പൂവന്തുരുത്ത് ആനന്ദമന്ദിരത്തിൽ വി.എസ്. കൃഷ്ണകുമാറിനും മകൻ അയുഷ് കൃഷ്ണയ്ക്കുമാണ് ഒരേ ദിനം കർഷക അവാർഡ് ലഭിച്ചത്.
കൃഷ്ണകുമാറിനു കർഷകമോർച്ച പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും ആയുഷിനു പനച്ചിക്കാട് പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡുമാണ് ലഭിച്ചത്. ഇരുവരും ഇന്നലെ കർഷകദിനത്തിൽ അവാർഡ് ഏറ്റുവാങ്ങി.
പശു, കോഴി, താറാവ്, ഗിനി, പ്രാവ്, മീൻ തുടങ്ങിയവയും വിവിധ പച്ചക്കറികളും ഇവർ കൃഷി ചെയ്യുന്നുണ്ട്. കൃഷിയിൽ പിതാവിനൊപ്പമുള്ള സജീവ പങ്കാളിത്തം കണക്കിലെടുത്താണ് ആയുഷിന് അവാർഡ് നൽകിയത്.
മൂലേടം അമൃത ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ് കൃഷ്ണ. കൃഷ്ണകുമാറിന്റെ ഭാര്യ മിനു ആർ. നായരും മകൾ അദിതി കൃഷ്ണയും കൃഷികാര്യങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ട്.