നെന്മാറ: കോവിഡ് കാലത്ത് “നൈവേദ്യ’കാർഷിക കൂട്ടായ്മയിലൂടെ കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് നിർധനർക്കും കോവിഡ് രോഗികൾക്കും ആദിവാസി മേഖലകൾക്കും നൽകിയത് 28 ടണ്‍ പച്ചക്കറികൾ.
ലോക് ഡൗണ്‍ മൂലം പച്ചക്കറികൾക്ക് ശരിയായ വില ലഭിക്കാത്തതും വിറ്റുപോവാത്തതും കർഷകരെ സംബന്ധിച്ച് ദുരിതപൂർണ്ണമായിരുന്നു. ഈ പ്രതിസന്ധിക്ക് മാറ്റം വരുത്താനും കർഷകന് ന്യായമായ വില ലഭിക്കാനുമായാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രമെന്ന ആശയം നിലവിൽ വന്നത്.
വേലന്താവളം, വടകരപ്പതി, ഒഴലപ്പതി, ചിറ്റൂർ, കൊഴിഞ്ഞാന്പാറ, മണ്ണാർക്കാട്, കോങ്ങാട്, അയിലൂർ, നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ കർഷകരിൽ നിന്നുമാണ് ന്യായ വില കൊടുത്ത് നാടൻ പച്ചക്കറികൾ ശേഖരിച്ചത്.
നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗും പാലക്കാട് ഇതിഹാസ് ഗ്രൂപ്പുമാണ് വിത്തിശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന നൈവേദ്യ പഴം,പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തിലാണ് കഴിഞ്ഞ രണ്ടുമാസമായി പദ്ധതി നടന്നു വരുന്നത്.
നൂറിലധികം കർഷകരിൽ നിന്നാണ് 28 ടണ്‍ പച്ചക്കറികൾ ശേഖരിച്ചത്. ഹോർട്ടികോർപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് കർഷകരിലേക്ക് എത്തപ്പെട്ടത്. കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി ശേഖരിച്ചതിലൂടെ മികച്ച വില കർഷകർക്ക് നൽകാൻ സാധിച്ചു.
ശേഖരിച്ച പച്ചക്കറികൾ പറന്പിക്കുളം, നെല്ലിയാന്പതി, പോത്തുണ്ടി, മംഗലംഡാം, മുതലമട, മലന്പുഴ ഭാഗങ്ങളിലെ ആദിവാസി മേഖലകളിലേക്കും, നെന്മാറ ബ്ലോക്ക് പഞ്ചായത്തിനകത്തെ കോവിഡ് ബാധിതരായവരുടെ വീടുകളിലേക്കും കിടപ്പു രോഗികൾക്കും നിർധനരായവർക്കുമാണ് നൽകിയത്.
ഇതുവരെ ആറു ലക്ഷത്തി നാൽപ്പതിനായിരം രൂപയുടെ പഴം പച്ചക്കറികളാണ് ശേഖരിച്ചത്.ആലത്തൂർ എംപി രമ്യഹരിദാസ്, നെന്മാറ എംഎൽഎ കെ.ബാബു, നെന്മാറ കൃഷിഭവൻ, വടകരപ്പതി കൃഷി ഭവൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഉമാ പ്രേമൻ, ഏകതാ പരിഷത്, സിനിമാ സംവിധായകൻ എം.പത്മകുമാർ, നെന്മാറ സിഐ ദീപകുമാർ, ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണവും ഈ ഉദ്യമത്തിന് കരുത്ത് നൽകി.
സമൂഹത്തിലെ സുമനസുകളായ വ്യക്തികളിൽ നിന്നുമുള്ള സഹായവും പ്രവർത്തനത്തിനുണ്ടായിരുന്നു .കഴിഞ്ഞ ദിവസമാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രീ പ്രവർത്തനം നിർത്തിയത്. ലോക് ഡൗണ്‍ പിൻ വലിച്ചതു കൊണ്ടാണ് സൗജന്യ വിപണന കേന്ദ്രം അവസാനിപ്പിച്ചത്. ലോക് ഡൗണ്‍ സമയത്ത് 681 ഭക്ഷ്യക്കിറ്റുകളും 3420 പച്ചക്കറിക്കറ്റുകളും 4 ടണ്‍ കപ്പയുമാണ് നൽകിയത്.