ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്റെ തലയ്ക്കു വെടിയേറ്റ ചിത്രം സമരക്കാർ പുറത്തു വിട്ടു. ഹരിയാന പോലീസും കേന്ദ്ര സേനയും കർഷകർക്കുനേരേ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഹരിയാനയുടെ ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരണ്‍ സിംഗ് (24) കൊല്ലപ്പെട്ടത്. എന്നാൽ ആരോപണം ഹരിയാന പോലീസ് നിഷേധിക്കുകയാണ്.
അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്കെതിരായ നടപടിക്കു കൂട്ടുനിൽക്കുന്നു എന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സംഘര്‍ഷത്തിനിടെ പോലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതകഷെല്ലുകൾകൊണ്ട് നിരവധിപ്പേർക്ക് പരിക്കേറ്റു.
അതിനിടെ, കേന്ദ്ര സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു. ചലോ ദില്ലി മാർച്ച് രണ്ടു ദിവസത്തേക്കു നിർത്തി വച്ചതായി സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു. യുവകർഷകൻ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിച്ചശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
നിലവിലെ അവസ്ഥയിൽ കർഷകർ പ്രതിഷേധിക്കുന്ന സ്ഥലത്തുതന്നെ രണ്ട് ദിവസം കൂടി തുടരും.മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കർഷകൻ മരിച്ചതെന്നു രാഹുൽ ആരോപിച്ചു. എക്സിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.