കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സമർപ്പിക്കാം.
2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം.
അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക.
തൃശൂര്‍ ആസ്ഥാനമായാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ്. കര്‍ഷകര്‍ക്ക് നേരിട്ടു സന്ദർശിച്ച് രജിസ്റ്റര്‍ചെയ്യാനും വിഹിതം അടയ്ക്കാനും വിവരങ്ങള്‍ അറിയാനുമുള്ള വെബ്സൈറ്റ് സംവിധാനം 22 ന് നിലവിൽ വരും.
മറ്റു ക്ഷേമനിധികളില്‍ അംഗമായവര്‍ക്ക് പെന്ഷന് പദ്ധതിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന ആക്ഷേപം മുമ്പ് ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ തടസവും ഇപ്പോള്‍ നീക്കിയിട്ടുണ്ട്.
കൃഷിയില്‍നിന്നു മാത്രമുള്ള വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത് എന്നുമാത്രമാണ് പ്രധാന നിബന്ധനയുള്ളത്. മറ്റു വ്യക്തിഗത വരുമാനങ്ങള്‍ തടസമാകില്ലെന്നതും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും പ
ദ്ധതിയില്‍ അംഗമാകാമെന്ന പുതിയ ഭേദഗതിയുമെല്ലാം പദ്ധതിയെ ആകര്‍ഷകമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കെല്ലാം വളരെ ആശ്വാസവും ആവേശവും പകരുന്ന പദ്ധതിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
നിബന്ധനകൾ
കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും അംശാദായം അടച്ച കര്‍ഷകനാണ് പെന്ഷന് ലഭിക്കുക. 55 വയസ് വരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമായി ചേരാവുന്നതെങ്കിലും പദ്ധതി പ്രഖ്യാപിച്ച 2019 മുതലുള്ള മുന്‍കാല പ്രാബല്യവുമുണ്ട്.
അതിനാല്‍ 58 വയസ് വരെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കാനായി ഇപ്പോള്‍ പദ്ധതിയില്‍ ചേരാമെന്ന പ്രത്യേകതയുമുണ്ട്. വാര്‍ഷിക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ. അഞ്ചു സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമി ഉണ്ടായിരിക്കണം.
സഹായം എങ്ങനെയൊക്കെ
ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ മാസംതോറും അംശാദായം അടയ്ക്കണം. 100 രൂപയാണ് മിനിമം അടയ്ക്കേണ്ടത്. മാസംതോറും കൂടിയ തുക അടയ്ക്കാനും കര്ഷകന് സാധിക്കും.
ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കുമെന്നത് വലിയ ആകര്‍ഷണമാണ്.
അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യവും ലഭിക്കും. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും ഈ പദ്ധതി ഉറപ്പാക്കുന്നു.
ക്ഷേമനിധിയില്‍ കുടിശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായാണ് പെന്ഷന് ലഭിക്കുക. എങ്കിലും കുറഞ്ഞ പെന്ഷന് 5000 എങ്കിലും ലഭിക്കും.
കുറഞ്ഞത് അഞ്ചുവര്‍ഷം അംശാദായം കുടിശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബപെന്ഷന് ലഭിക്കുമെന്നത് കര്‍ഷകകുടുംബങ്ങള്‍ക്ക് വളരെയേറെ ആശ്വാസം നല്കുന്ന കാര്യമാണ്.
പെന്ഷന് തീയതിക്കുമുമ്പ് അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ് വരെ പ്രതിമാസം പെന്ഷന് നല്‍കും.
രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശത ഉണ്ടാകുന്നവര്‍ക്ക് അവശത ആനുകൂല്യം നല്‍കും. ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ചേരുന്ന അംഗങ്ങൾക്ക് ചികിത്സാസഹായവും നല്‍കും.
ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ചികിത്സാസഹായം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കാനും പദ്ധതി വിഭാവനംചെയ്യുന്നു.
ഔഷധസസ്യ കൃഷി, ഉദ്യാന കൃഷി, നഴ്സറി നടത്തിപ്പ്, കാര്‍ഷികവൃത്തിയും വിളകളും, ഇടവിളകൾ, ,ഫലവൃക്ഷങ്ങള്‍, പച്ചക്കറികൾ, തീറ്റപ്പുല്ല്, വൃക്ഷങ്ങൾ തുടങ്ങി വളര്‍ത്തല്‍ ഭൂമിയിലുള്ള ഏതുതരത്തിലുള്ള കൃഷിയും ചെയ്യുന്ന കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരാണ്.
മത്സ്യം, അലങ്കാരമത്സ്യം, ചിപ്പി, കക്ക, തേനീച്ച , പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, കാട, ആട്, കന്നുകാലി, പന്നി ഉള്‍പ്പെടെയുള്ളവയുടെ പ്രജനനവും പരിപാലനവും നടത്തുന്നവര്‍ക്കും മറ്റേതെങ്കിലും കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം നടത്തുന്നവര്‍ക്കുമെല്ലാം പദ്ധതിയില്‍ അംഗങ്ങളാകാം.
15 ഏക്കര്‍വരെ സ്ഥലമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാമെങ്കിലും റബര്‍, കാപ്പി, തേയില, ഏലം എന്നീ തോട്ടവിളകള്‍ക്ക് പരമാവധി ഇത് ഏഴര ഏക്കറാണ്.
പദ്ധതിയില്‍ അംഗമാകാൻ വേണ്ട രേഖകള്‍
വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം.
അപേക്ഷ നൽകേണ്ടത്
100 രൂപ രജിസ്ട്രേഷന് ഫീസടച്ചാണ് അപേക്ഷ നല്‍കേണ്ടത്. കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയോ അക്ഷയ സെന്റര്‍ മുഖേനയോ ഡയറക്ട് അപ്ലോഡിംഗ് നടത്തിയോ കൃഷിഭവന് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
ഇനിയും പദ്ധതി സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധപ്പെടാം. ബോര്‍ഡിന്റെ വെബ് പോർട്ടൽ അവസാനഘട്ടത്തിലാണ്.
അന്തിമ ട്രയല്‍ റണ്‍ വൈകാതെ നടക്കും. ആറു പേജുള്ള അപേക്ഷയുടെ മാതൃക പോര്‍ട്ടല്‍, വെബ്സൈറ്റ് എന്നിവയിലുണ്ടാകും. അപേക്ഷയുടെ മാതൃക ഡൗണ്‍ലോഡ് ചെയ്തശേഷം വിവരങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ താത്കാലിക ഐഡിയും പാസ്വേഡും എസ്എംഎസായി ലഭിക്കും.
അപേക്ഷയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസറാണ് അംഗത്വത്തിനായി ബോര്‍ഡ് ആസ്ഥാനത്തേക്ക് അന്തിമ ശിപാര്‍ശ നല്‍കുക. എടിഎം കാര്‍ഡിന്റെ മാതൃകയിലാണ് അംഗത്വ കാര്‍ഡ്.
അംശാദായം അടയ്ക്കുന്നതിന് മുന്‍കാല പ്രാബല്യവും ലഭിക്കും. സി-ഡിറ്റ്, ബിഎസ്എന്‍എല്‍ സഹായത്തോടെയാണ് സംവിധാനം സജ്ജമാക്കുന്നത്.
ആരാണ് കർഷകൻ
സ്വന്തമായോ, വാക്കാൽ പാട്ടത്തിനോ, സർക്കാർ പാട്ടഭൂമിയിലോ കൃഷി ചെയ്യുന്ന അഞ്ചു സെന്റ് മുതൽ 15 ഏക്കർ വരെയുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നതും കൃഷി പ്രധാന ഉപജീവനമാർഗമായും സ്വീകരിച്ചിട്ടുള്ള പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ കവിയാത്ത വരുമാനമുള്ളവരും മൂന്നു വർഷത്തിൽ കുറയാതെ കൃഷി ചെയ്യുന്ന ഒരാളാണ് കർഷകൻ.എന്നാൽ റബർ, കാപ്പി, തേയില, ഏലം എന്നീ തോട്ടവിളകളുടെ കാര്യത്തിൽ പരിധി ഏഴര ഏക്കറാണ്.