സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഈ മാസവും അടുത്ത മാസവുമായി കർഷകസഭ ചേരുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. സാംസ്കാരിക പ്രസ്ഥാനമായ “കാഴ്ച തൃശൂർ’ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വാർഡിലേയും കൃഷികാര്യങ്ങൾ ചർച്ച ചെയ്യാനും കർമപദ്ധതികൾ നടപ്പാക്കാനുമാണ് വാർഡ് സഭ കർഷകസഭയാക്കി മാറ്റുന്നത്. എല്ലാ കൃഷിഭവനുകളിലും ഞാറ്റുവേലച്ചന്തയും ബ്ലോക്കുകളിൽ അഗ്രോ സർവീസ് സെന്ററും തുടങ്ങും. സംസ്ഥാനത്ത് ഓണത്തിനു പച്ചക്കറി സമൃദ്ധമായി വിളയിക്കാൻ രണ്ടു കോടി പച്ചക്കറിത്തൈകളും ഒരു കോടി പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തുവരികയാണ്. 42 ലക്ഷം വിത്തു പായ്ക്കറ്റുകൾ വിദ്യാർഥികൾക്കു നൽകും, കൃഷിമന്ത്രി പറഞ്ഞു.
തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ചവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹരിതകേരളം വൈസ് ചെയർപേഴ്സണും മുൻ എംപിയുമായ ഡോ. ടി.എൻ. സീമയ്ക്ക് വനിതാശ്രേഷ്ഠ പുരസ്കാരവും വ്യത്യസ്ത ഭാഷകളിൽ കവിത, കഥാ രചനകൾ നടത്തിയ തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജെസീന്ത മോറിസിനു സാഹിത്യശ്രീ പുരസ്കാരവും സമ്മാനിച്ചു.
പ്രകൃതി സംരക്ഷകൻകൂടിയായ ഇൻഫെർട്ടിലിറ്റി ചികിത്സാവിദഗ്ധൻ ഡോ. എം. വേണുഗോപാലിനു പ്രകൃതിമിത്ര പുരസ്കാരവും തൃശൂർ അശ്വിനി ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. വി.ജി. സുരേഷ് എഴുത്തച്ഛന് വൈദ്യമിത്ര പുരസ്കാരവും സമ്മാനിച്ചു. ഓരോ വീട്ടിലും അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
കാഴ്ച പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡേവിസ് കണ്ണനായ്ക്കൽ അധ്യക്ഷനായി. അഡ്വ. എ.ഡി. ബെന്നി, വർഗീസ് തരകൻ, സിനിമാ സീരിയൽ താരം രമാദേവി, ദീപിക തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ്, കേരള വെറ്ററിനറി കൗണ്‍സിൽ പ്രസിഡന്റ് ഡോ. വി.എം. ഹാരീസ്, മോഹൻദാസ് പാറപ്പുറത്ത്, ബിജു ആട്ടോർ, കാഴ്ച സെക്രട്ടറി രാജൻ എലവത്തൂർ, രഞ്ജിത്ത് പെരിങ്ങാവ് തുടങ്ങിയവർ ആശംസയർപ്പിച്ചു.
പൂമല സ്കൂൾ മാനേജർ എ.ആർ. ചന്ദ്രൻ, ടി.പി. പ്രകാശ്, മണ്ണു പര്യവേക്ഷണ ഓഫീസർ എം.എ. സുധീർബാബു, മാധ്യമപ്രവർത്തകനായ കെ.കെ. ശ്രീരാജ്, ബിനു കമല, ഡോ. കെ. വിവേക്, ഡോ. ലക്ഷ്മി പ്രവീണ്‍, എസ്. ബിജു, കെ. സുധീഷ്കുമാർ, കെ.സി. ഹരിലാൽ, എ.എ. അംജ, കെ.സി. തങ്ങൾ, വി. ജയകുമാർ, ഡോ. തോമസ് അനീഷ് ജോണ്സണ്, പി.എൻ. ഇന്ദു, നിഹാരിക എം. സുധീർ, എസ്. അരുണ്‍കുമാർ, പി.ജി. സുജിത്, ഡോ. സ്മിത ജോണ്‍ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി.രാംകുമാർ എളനാട്, ജൈനി ജോസ്, സി.പി. ശ്രീലാസ്, രാഗിണിദേവി, പി.ആർ. ലത, സി.സി. മോഹൻദാസ് എന്നിവരെ ആദരിച്ചു.