മുതുവറ: ചൈനയിൽ കർഷകർ ബിഎംഡബ്ല്യു കാറിൽ സഞ്ചരിക്കുന്പോൾ ഇന്ത്യയിൽ കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നു നടനും സംവിധായകനുമായ ശ്രീനിവാസൻ. ജൈവ കാർഷികോത്പന്നങ്ങളുടെ വിപണിയുടേയും ഫാർമേഴ്സ് ഫുഡ് ഫാക്ടറിയുടേയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
രണ്ടുതവണ ചൈനയിൽ പോയിട്ടുണ്ട്. രണ്ടു തവണയും അവിടത്തെ കർഷകരുമായി കൂടിക്കാഴ്ച നടത്തി. അവർക്കു കൃഷിയിറക്കാനും ഉൽപന്നങ്ങൾ വിറ്റഴിക്കാനും സംവിധാനങ്ങളും സഹായങ്ങളുമുണ്ട്. ഇവിടെ വലിയ പ്രഖ്യാപനങ്ങളെല്ലാം ഉണ്ട്, എന്നാൽ ഒന്നും യാഥാർഥ്യമാകില്ല.
താനും ഒരു കർഷകനാണ്. ഒരു കർഷക സമിതിയുടെ പ്രസിഡന്റുമാണ്. കൃഷിയിറക്കാൻ ഒരു ട്രാക്ടർ വാങ്ങാൻ തീരുമാനിച്ചു. പകുതി വില കർഷക സമിതിയും പകുതി സർക്കാർ സബ്സിഡിയും തരുമെന്നു സർക്കാർ വാക്കുതന്നു. ട്രാക്ടർ വാങ്ങാൻ ഞാൻ രണ്ടു ലക്ഷം രൂപ കർഷക സമിതിക്കു നൽകി.
അങ്ങനെ ട്രാക്ടർ വാങ്ങി. ആ ട്രാക്ടർ രജിസ്റ്റർ ചെയ്തതു കർഷകസമിതിയുടെ പേരിലല്ല, അവിടത്തെ കൃഷി ഓഫീസറുടെ പേരിലാണ്. കർഷകരുടെ പണം മുടക്കി വാങ്ങിയ ട്രാക്ടർ അങ്ങനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിലായി. ഓരോ തവണയും ട്രാക്ടർ ഉപയോഗിക്കാൻ കൃഷി ഓഫീസർക്ക് അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കണം. ഇതാണ് ഇന്ത്യയിലേയും കേരളത്തിലേയും സ്ഥിതിശ്രീനിവാസൻ പറഞ്ഞു.
രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. അനിൽ അക്കര എംഎൽഎ അധ്യക്ഷനായി. ടി.എൻ. പ്രതാപൻ എംപി, ഇസാഫ് ബാങ്ക് ചെയർമാനും സ്ഥാപകനുമായ കെ. പോൾ തോമസ്, സംവിധായകൻ സത്യൻ അന്തിക്കാട്, കേരള കാർഷിക സർവകലാശാലയിലെ വകുപ്പു മേധാവികളായ ഡോ. യു. ജയകുമാരൻ, ഡോ. എ. ലത, നബാർഡ് ഡിജിഎം ദീപ എസ്.പിള്ള, കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, ജയരാജ് വാര്യർ, ഡോ. കെ.എസ്. രജിതൻ, കൃഷി ഓഫീസർ തോംസണ് പി. ജോഷ്വ, അഡ്വ. ജോർജ് കെ. പൂന്തോട്ടം, കന്പനി ചെയർമാൻ അഡ്വ. ഇ.കെ. രാധാകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.വി. രാജേന്ദ്രൻ, ഡയറക്ടർ ജോസഫ് എൻ. നൈനാൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് മെന്പർ അജിത കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.