വടക്കഞ്ചേരി: ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. വടക്കഞ്ചേരിക്കടുത്ത് പാളയം സ്വദ്ദേശി ചടയപ്പനാ(65)ണ് കൃഷി സ്ഥലത്തെ മോട്ടോർ ഷെഡിൽ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പതിവ് സമയം കഴിഞ്ഞും അച്ഛൻ തോട്ടത്തിൽ നിന്നും വരാതായപ്പോൾ രാത്രിയോടെ മക്കൾ തെരഞ്ഞെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.
വീടിനടുത്തെ കുഴിയിൽ പാടത്താണ് ചടയപ്പന്റെ തോട്ടം. തെങ്ങും മറ്റു വിളകളും നെൽകൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. നെൽകൃഷിക്കായി മൂന്ന് വർഷം മുന്പ് ചടയപ്പൻ വടക്കഞ്ചേരിയിലെ ഒരു ബാങ്കിൽ നിന്നും 50,000 രൂപ വായ്പ എടുത്തിരുന്നു. ഓരോ വിളവെടുപ്പ് സീസണിലും വായ്പ തിരിച്ചടക്കാനാകാതെ തുക 77000 രൂപയായി ഉയർന്നു.
ഈ മാസം 28ന് മുന്പ്് പണം അടക്കണമെന്നും അതല്ലെങ്കിൽ മറ്റു നടപടി സ്വീകരിക്കുമെന്നും കാണിച്ച് ഏതാനും ദിവസം മുന്പ് ബാങ്കിൽ നിന്നും അച്ഛന് നോട്ടീസ് വന്നിരുന്നതായി മക്കൾ പറഞ്ഞു. ഇതിനു ശേഷം അച്ഛൻ അസ്വസ്ഥനായിരുന്നെന്നും വലിയ ടെൻഷനിലായിരുന്നെന്നും മക്കൾ പറയുന്നു.
ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച് വരികയാണെന്ന് എസ്.ഐ.ആദം ഖാൻ അറിയിച്ചു. ഭാര്യ :രാജമ്മാൾ.മക്കൾ: കണ്ണദാസ്, കമലദാസ് ,ശിവദാസ്, കൃഷ്ണദാസ്, ശശി ദാസ്.മരുമക്കൾ: രേണുക, സുഗന്ധി, സുചിത്ര ,ധനലക്ഷ്മി, ചിത്ര.