ന്യൂഡൽഹി: ഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ തടഞ്ഞ സംഭവത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകർക്ക് അവരുടെ പരാതികൾ ബോധിപ്പിക്കാനുള്ള അനുവാദം പോലും നൽകിയില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഡൽഹി അതിർത്തിയിൽ കർഷകരെ പോലീസ് തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ പ്രതികരണം.
ലോക അഹിംസ ദിനത്തിൽ, കർഷകരെ ക്രൂരമായി മർദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു. കർഷകർക്ക് ഇപ്പോൾ രാജ്യതലസ്ഥാനത്തേക്ക് വരാൻ കഴിയുന്നില്ല. അവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാനും സാധിക്കുന്നില്ലെന്നും ട്വിറ്ററിൽ രാഹുൽ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ നിന്ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിലാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്. കാർഷിക കടം എഴുതിത്തള്ളണം, കാർഷിക വിള ഇൻഷുറൻസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചിൽ 70,000ലേറെ കർഷകരാണ് അണിചേർന്നത്.