ബ്രൂസല്ലോസിസ് അഥവ മാള്‍ട്ടാപ്പനി

kar2016dec02sb1

പനികള്‍ക്കും, പനിപ്പേരുകള്‍ക്കും, പനിപ്പേടികള്‍ക്കും, പനിക്കഥകള്‍ക്കും പഞ്ഞമില്ലാത്ത കേരളത്തില്‍ പുതിയ വാര്‍ത്താതലക്കെട്ടായി ബ്രൂസല്ല രോഗവും സ്ഥാനം പിടിച്ചിരിക്കുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള മുന്‍കരുതലുകള്‍ക്കു പകരം താത്കാലിക വിവാദങ്ങളിലാണ് പലപ്പോഴും നമുക്കു താത്പര്യം. ബ്രൂസല്ലോസിസ് എന്ന രോഗത്തെ മനസിലാക്കി അതു തടയാനും അതുവഴി കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള ശാസ്ത്രീയ നടപടികളാണു വേണ്ടത്.

1853–1856 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധകാലത്താണ് മാള്‍ട്ടയില്‍ ഈ രോഗം കണ്ടെത്തുന്നത്. അതിനാല്‍ ആദ്യത്തെ പേര് മാള്‍ട്ടാ പനിയെന്നായി. 1887 ല്‍ ബാക്ടീരിയയാണ് രോഗകാരണമെന്ന് ബ്രൂസ് കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897 ല്‍ ബാങ്ങ് എന്ന ശാസ്ത്രജ്ഞന്‍ ബ്രൂസല്ല അബോര്‍ട്ടസ് ബാക്ടീരിയയെ വേര്‍തിരിച്ചതോടെ ബാങ്ങ്‌സ് രോഗം എന്ന പേരും കിട്ടി. മനുഷ്യനില്‍ വരുന്ന രോഗത്തിന് മെഡിറ്ററേനിയന്‍ പനി, അണ്‍ഡുലന്റ് ഫീവര്‍, മാള്‍ട്ടാ പനി എന്നിങ്ങനെ നിരവധി പേരുകള്‍. മൃഗങ്ങളില്‍ വരുന്നതിന് കണ്‍ണ്ടേജിയസ് അബോര്‍ഷന്‍, ബാംങ്ങ്‌സ് രോഗം എന്നിങ്ങനെ നാമങ്ങള്‍. പൊതുവില്‍ ബ്രൂസല്ലോസിസ് എന്ന് ഈ അസുഖത്തെ നമുക്കു വിളിക്കാം.

കര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന കന്നുകാലികളിലെ പകര്‍ച്ചവ്യാധി എന്ന നിലയിലും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമായതിനാലും പൊതുജനാരോഗ്യ പ്രശ്‌നമായും ബ്രൂസല്ലോസിസ് രോഗത്തെ കാണണം. കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന മറ്റു നിരവധി മൃഗങ്ങള്‍, സമുദ്ര സസ്തനികള്‍ തുടങ്ങി മനുഷ്യരില്‍ വരെ രോഗബാധ കാണപ്പെടുന്നു.

മിഡില്‍ ഈസ്റ്റ്, മെഡിറ്ററേനിയന്‍ പ്രദേശം, സബ്‌സഹാറന്‍, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. മധ്യ, തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് രോഗബാധ കൂടുതല്‍ കാ ണപ്പെടുന്നത്. പശ്ചിമ, ഉത്തര യൂറോപ്പിലെ രാജ്യങ്ങള്‍, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രോഗവിമുക്തമാണ്.

ബ്രൂസല്ല കുടുംബത്തിലെ വിവിധ സ്പീഷിസില്‍പ്പെട്ട ബാ ക്ടീരിയകളാണ് ഓരോ പ്രത്യേക ജന്തുവിഭാഗത്തിലും രോഗമുണ്ടാക്കുന്നത.് എന്നാലും മിക്കവാറും ബ്രൂസല്ല ബാക്ടീരിയകളും പല ജീവിവര്‍ഗങ്ങളിലും രോഗം വരുത്താന്‍ കഴിവുള്ളവയാണ്. ബ്രൂസല്ല അബോര്‍ട്ടസ്, ബ്രൂസല്ല മെലിറ്റന്‍സിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയില്‍ രോഗകാരണമാക്കുന്നത്. ഈ മൂന്നു ജീവികളിലേയും ബ്രൂസല്ല രോഗങ്ങള്‍ ലോക മൃഗാരോഗ്യസംഘടന (OIE) യുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ രോഗബാധ ഉണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം.

മൃഗങ്ങളില്‍ പ്രത്യുത്പാദന വ്യൂഹത്തേയും മനുഷ്യരില്‍ റെട്ടിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭമലസല്‍, പ്രത്യുത്പാദന പരാജയം എന്നിവയാണ് ബ്രൂസല്ലയുടെ പ്രത്യേകത. ആദ്യത്തെ ഗര്‍ഭമലസലിനുശേഷം കന്നുകാലികളില്‍ വീണ്ടും വിജയകരമായ ഗര്‍ഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങള്‍ ബാക്ടീരിയുടെ വാഹ കരും സ്രോതസുമായി വര്‍ത്തിക്കുന്നു.

പ്രസവസമയത്തോ, ഗര്‍ഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗബാധയുള്ള മൃഗത്തിന്റെ ഗര്‍ഭപാത്രത്തിലെ ജന്മസ്രവങ്ങളില്‍ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയില്‍ പ്രത്യേകിച്ച് തണുപ്പും ആര്‍ദ്രതയുമുള്ള പരിസ്ഥിതിയില്‍ മാസങ്ങളോളം ഇവ നിലനില്‍ക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാര്‍ഗം രോഗം പകരുന്നു. ശരീരത്തിനുള്ളിലും അകിടിലും താമസമുറപ്പിക്കുന്നതിനാല്‍ പാലിലും കാണപ്പെടും. കൂടാതെ ചര്‍മ്മത്തിലെ മുറിവുകള്‍ ശ്ലേഷ്മസ്തരങ്ങള്‍ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നി, ബൈസണ്‍ തുടങ്ങി നിരവധി വന്യജീവികള്‍ ഈ രോഗത്തിന്റെ റിസര്‍വോയര്‍ ആയി പ്രവര്‍ക്കുന്നതിനാല്‍ രോഗം തുടച്ചുനീക്കാന്‍ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണ ചേരല്‍ വഴിയും കന്നുകാലികളില്‍ രോഗം പടരുന്നു. ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ (6–9 മാസം) ആണ് ഗര്‍ഭമലസല്‍ കാണപ്പെടുക. സന്ധിവീക്കം ലസിക്കാഗ്രന്ഥിവീക്കം, മറുപിള്ള വീഴാതിരിക്കല്‍, വന്ധ്യത പാലുത്പാദനത്തിലെ കുറവ് എന്നിവയുണ്ടാകാം. 3–24 ആഴ്ച അല്ലെങ്കില്‍ മാസങ്ങള്‍ സമയമെടുത്താണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. മൂരികളില്‍ വൃക്ഷണങ്ങള്‍ വലുതാകും. മുട്ടില്‍ സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍. കുതിരകളില്‍ പുറത്തോ, തലയുടെ പിറകിലോ മുഴകള്‍ കാണപ്പെടാം. ഗര്‍ഭമലസുകയോ ദുര്‍ബലരായ മൃതപ്രായരായ കുതിരക്കുട്ടികള്‍ ജനിക്കുകയോ ചെയ്യാം.

കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുത്പാദന ശേഷിക്കുറവ്, ഗര്‍ഭമസല്‍, വന്ധ്യത, മറുപിള്ള വീഴാതിരിക്കല്‍, പ്രായമെത്താതെയുള്ള ജനനം, ദുര്‍ബലരായ കുഞ്ഞുങ്ങള്‍ തുടങ്ങിയവയൊക്കെ കര്‍ഷകനു നഷ്ടം വരുത്തുന്നു. ചികിത്സ പ്രായോഗികമായി ഫലപ്രദമാകില്ല. ഇതിനു നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കണം. ഇതുപലപ്പോഴും നടക്കില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമുറപ്പിച്ച് ലക്ഷണങ്ങളില്ലാതെ മറ്റുള്ളവയ്ക്ക് രോഗം പടര്‍ത്താന്‍ വിരുതരാണ് ഇവര്‍.

മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടര്‍മാര്‍, ക്ഷീരകര്‍ഷകര്‍, അറവുശാലകളിലെ പണിക്കാര്‍, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍, ലാബോറട്ടറികളില്‍ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ തുടങ്ങി തങ്ങളുടെ ജോലിസംബന്ധമായി മേല്‍പറഞ്ഞ മൃഗങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. മൃഗങ്ങളുമായും ഗര്‍ഭമലസിയ വിസര്‍ജ്യങ്ങള്‍, മൂത്രം, ശവശരീരം ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുന്‍കരുതല്‍ വേണം. പാസ്ച്യൂറൈസേഷന്‍ ചെയ്‌തോ തിളപ്പിക്കാതെയോ കുടിക്കുന്ന പാല്‍, ബട്ടര്‍, വെണ്ണ, ചീസ് നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോത്പന്നങ്ങള്‍ എന്നിവ വഴിയും രോഗബാധയുണ്ടാകാം. കൂടാതെ ലാബോറട്ടറിയില്‍ ബ്രൂസല്ല ബാക്ടീരിയ കള്‍ച്ചര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരും മുന്‍കരുതലെടുക്കണം.

ഇടയ്ക്കിടെ കൂടുകകയും കുറയുകയും ചെയ്യുന്ന പനിയാണിത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. ക്ഷീണം, തലവേദന, അമിത വിയര്‍പ്പ്, ശരീരഭാരം കുറയല്‍, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മലബന്ധം, സന്ധിവേദന, നടുവേദന, തൊണ്ടവേദന, പ്ലീഹയുടെ വലിപ്പം കൂടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പുരുഷന്‍മാരില്‍ വൃഷണക്കേട് ഉണ്ടാകുന്നു. സ്ത്രീകളിലെ ഗല്‍ഭമലസല്‍ കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുരുഷന്‍മാരില്‍ വന്ധ്യതയും സ്ത്രീകളില്‍ ഗര്‍ഭധാരണ പ്രശ്‌നങ്ങളും ഭീഷണിയാകും.

കന്നുകാലികളില്‍ ഗര്‍ഭമലസല്‍ അവസാനഘട്ടങ്ങളില്‍ കണ്ടാല്‍ രോഗബാധ സംശയിക്കണം. രക്തം, പാല്‍ എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണവകുപ്പിനുണ്ട്. രോഗം സ്ഥിരീകരിക്കാനുള്ള മാര്‍ഗരേഖ ലോക മൃഗാരോഗ്യസംഘടന നല്‍കുന്നു. രക്തപരിശോധന പാല്‍ പരിശോധന എന്നിവ വഴി രോഗബാധിതരെ കണ്ടെത്തുന്ന വിധത്തിലുള്ള ജാഗ്രതയാണ് ഏറെ പ്രധാനം. പുതുതായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മൃഗങ്ങളില്‍ പരിശോധന നടത്തണം. സ്ഥിരമായ രോഗബാധയുള്ള സ്ഥലത്ത് 4,8 മാസം പ്രായത്തില്‍ വാക്‌സിനേഷന്‍ നടത്താറുണ്ട്.

രോഗം ഉറപ്പായാല്‍ മനുഷ്യത്വപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. അനസ്‌തേഷ്യ കൊടുത്തു മയക്കിയോ മറ്റു നിര്‍ദ്ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് (കാപ്റ്റീവ് ബോള്‍ട്ട് പിസ്റ്റള്‍)മയക്കിയോ വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ വേദനയറിയാതെ കൊന്ന് ആഴത്തില്‍ കുഴിച്ചു മൂടുകയോ, ഉയര്‍ന്ന മര്‍ദ്ദത്തില്‍ ചൂടാക്കി വേവി ച്ചു പൊടിക്കുന്ന റെന്‍ഡറിങ്ങ്് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമബോര്‍ ഡിന്റെ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാന്‍ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ (പാല്‍, മാംസം തുടങ്ങിയവ) പാസ്ചുറൈസേഷന്‍ ചെയ്‌തോ തിളപ്പിച്ചോ അല്ലെങ്കില്‍ നന്നായി വേവിച്ചതിനുശേഷമോ മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗര്‍ഭമലസിയാലും കൈകൊണ്ട് തൊടരുത്. കൈയുറകള്‍ ധരിക്കണം. രോഗബാധയുടെ സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സംരക്ഷണ വസ്ത്രങ്ങള്‍, സാമഗ്രികള്‍ എന്നിവ ഉപയോഗിക്കണം. ഗര്‍ഭാവശിഷ്ടങ്ങള്‍, ഗര്‍ഭമലസിയതിന്റെ ബാക്കിഭാഗങ്ങള്‍, മറുപിള്ള, മറ്റു വിസര്‍ജങ്ങള്‍ എന്നിവ അയഡിന്‍, ക്ലോറിന്‍ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തില്‍ കുഴിച്ചിടണം. ഫാമും, ചുറ്റുപാടുകളും കശാപ്പുശാലകളും കൃത്യമായി അണുനശീകരണം നടത്തണം.

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എല്‍പിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍

Related posts