നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങൾ കേരളത്തിൽ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതൽ. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നൽകാം. കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനൽക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോൾ ആരാധകർ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാൻഡും വിലയും കുത്തനെ വർധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാൾ മുന്പുവരെ 700800 നിരക്കിലായിരുന്നു വില.
എന്നാൽ അടുത്തിടെ 1200 രൂപയായി വില പെട്ടെന്നങ്ങ് കൂടി. കാന്താരിയുടെ പൊന്നു വിലയുടെ കാരണം ഇതിന്റെ ഗുണം തന്നെ. കൊഴുപ്പ് നിയന്ത്രണത്തിനു കാന്താരി മുളക് ഫലപ്രദമെന്നു പരീക്ഷിച്ചറിഞ്ഞവർ ഇന്ന് എന്തുവില നല്കാനും തയാറാണ്. വീട്ടിൽ കാന്താരികൃഷി നടത്തുന്ന തിരുവനന്തപുരത്തെ കൊച്ചുള്ളൂർ സ്വദേശിയായ ജൈവകർഷകൻ ആർ. രവീന്ദ്രൻ പറയുന്നത് കാന്താരി മുളകിനായി പലരും തന്റെ വീട്ടിൽ എത്താറുണ്ടെന്നാണ്. മരുന്നിനെക്കാൾ ഫലം ഈ മുളകു പച്ചയ്ക്കു കഴിച്ചാൽ ഉണ്ടാകുമെന്നു അനുഭവസ്ഥർ ചൂണ്ടികാട്ടുന്നതായും ആർ. രവീന്ദ്രൻ പറയുന്നു. കാന്താരി കഴിച്ചുകഴി ഞ്ഞ് ഒരു നെല്ലിക്കകൂടി കഴിക്കുന്നത് മുളകിന്റെ എരിവ് കുറയ്ക്കുവാൻ സഹായിക്കും. അതിനാൽ മരുന്നായി കാന്താരി കഴിക്കുന്ന ചിലർ നെല്ിക്കയും കഴിക്കുന്നതു കാണാമെന്നും അദ്ദേഹം പറയുന്നു. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ആൽക്കലോയിഡ് ദഹനത്തിനു സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിനും വളരെ ഉചിതമാണിത്.
ജീവകം എ, സി, ഇ എന്നിവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. സി വളരെ കുടുതലുണ്ട.് കാൽസ്യം, ഇരുന്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയെ ഗുണസന്പുഷ്ടമാക്കുന്നു. കാന്താരി പച്ചയ്ക്കു കഴിക്കാൻ പ്രയാസമുള്ളവർ മോരിൽ ചേർത്തും കാന്താരി സേവിക്കാറുണ്ട്. രണ്ടോ മൂന്നോ കാന്താരി ചെറിയ കഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി ഇതൾ, കറിവേപ്പില എന്നിവ അരച്ച് മോരിൽ കുടിക്കുന്നത് കൊഴുപ്പ് നിയന്ത്രണത്തിനു നല്ലതാണ്. നാട്ടിൻപുറങ്ങളിൽ ഇന്നും പലരും ഈ മോരുവെള്ളം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. രുചിയുടെ കാര്യത്തിലും കാന്താരി ഒട്ടും പിന്നിലല്ല. കാന്താരി മുളക് അരച്ചുള്ള ചമ്മന്തി കേരളത്തിന്റെ പതിവായിരുന്നു. രാവിലെ കഴിക്കുന്ന പഴംകഞ്ഞിയിൽ ഒരു കാന്താരി മുളകു കൂടി ഉടച്ചു ചേർത്താൽ അന്നത്തെ പകൽ ഭക്ഷണം കുശാൽ.
പറന്പിലും പാടത്തും രാപ്പകൽ അധ്വാനിക്കുന്ന കർഷകരുടെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ല. രാത്രി പാൽക്കഞ്ഞിക്കൊപ്പം കാന്താരി അച്ചാറും ചേർത്തുകഴിച്ച് സുഖമായി ഉറങ്ങി രാവിലെ നല്ല ഉത്സാഹത്തോടെ എഴുന്നേൽക്കുന്ന പഴമക്കാരും ഉണ്ടായിരുന്നു. നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയവകൊണ്ട് അച്ചാറിടുന്പോൾ കാന്താരിക്കൂടി ഇടുന്നത് നല്ലതാണ്. പുളിഞ്ചിക്ക (ഇരുന്പൻ പുളി) അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നും ഇപ്പോൾ അഭിപ്രായമുണ്ട്. ഇരുന്പൻ പുളി ഉണ്ടാക്കുന്ന അസിഡിറ്റി കുറയ്ക്കുവാനും കാന്താരി സഹായിക്കും. കാന്താരി മുളകു മാത്രം കൊണ്ട് അച്ചാറുണ്ടാക്കുന്നതും വളരെ രുചികരമാണ്.
ഫോണ് മഞ്ജുള 96336 71974.
എസ്. മഞ്ജുളാദേവി