ആതുര ശുശ്രൂഷാ സേവനരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായി മാറുകയാണ് പയ്യന്നൂർ മുത്തത്തിയിലെ പകൽവീട്. മാനസിക– ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത സ്‌ഥാപനമാണെങ്കിലും ആത്മാർത്ഥതയും അർപ്പണബോധവുമുണ്ടെങ്കിൽ സർക്കാർ സ്‌ഥാപനമെന്ന പരിമിതിക്കുള്ളിലും പലതും ചെയ്യാൻ കഴിയുമെന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഈ സ്‌ഥാപനം.
പയ്യന്നൂർ നഗരസഭയുടെ മുപ്പതു സെന്റ് സ്‌ഥലത്താണ് പകൽവീട് പ്രവർത്തിക്കുന്നത്. പകൽവീടിന്റെ വളപ്പിൽ സ്‌ഥലസൗകര്യം കുറവായതിനാൽ ഇവർക്ക് പച്ചക്കറികൃഷി നടത്തുവാനായി സ്‌ഥലം വിട്ടുകൊടുത്തത് മുത്തത്തി യുവജന വായനശാലയുടെ പ്രവർത്തകരാണ്. കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റംഗങ്ങളാണ് നിലമൊരുക്കി പച്ചക്കറി തൈകൾ നട്ടത്.
പിന്നീട് ദിവസവും വെള്ളമൊഴിക്കലും ജൈവവളമിടലും ജൈവകർഷകനായ കെബിആർ കണ്ണന്റെ നിർദ്ദേശപ്രകാരം പകൽവീട്ടിലെ അംഗങ്ങളാണ് നിർവഹിച്ചിരുന്നത്.
പർപ്പിൾ പാഷൻ ഫ്രൂട്ട്, വഴുതിന, വെണ്ട, കാന്താരി മുളക്, കൂവ, പയർ, കോവൽ, ചേമ്പ്, തക്കാളി, പത്തോളം ഇലച്ചെടികൾ, പപ്പായ, കരിൻകാലി, ശീമനെല്ലി, ഇലുമ്പിപ്പുളി എന്നിവയ്ക്ക് പുറമേ മലേഷ്യൻ ചാമ്പ, മിലിട്ടറി സപ്പോട്ട,വിവിധതരം മാവുകൾ എന്നിങ്ങനെ അൻപതോളം മരങ്ങളും ഇവർ വച്ചുപിടിപ്പിച്ചിട്ടുണ്ട്്.
പച്ചക്കറിത്തോട്ടത്തിന്റെ താഴെയായി മൈസൂർ ഞാലി, നെയ്പൂവൻ, നേന്ത്രൻ എന്നീ ഇനങ്ങളിലായി അഞ്ഞൂറോളം വാഴകളും കൃഷി ചെയ്തിട്ടുണ്ട്.വാഴത്തോട്ടത്തിനിടയിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇവർ നിർമിച്ച നാലായിരം ലിറ്ററോളം വ്യാസമുള്ള ഫെറോ സിമന്റ് ടാങ്കിൽ രോഹു, കട്ട്ല, ഗ്രാസ്കാർപ് എന്നീ ഇനം മത്സ്യങ്ങളേയും വളർത്തുന്നുണ്ട്.
ഉറ്റവരും ഉടയവരുമില്ലാതെ ജീവിതതുരുത്തിൽ ഒറ്റപ്പെട്ടുപോയതിന്റെ വിങ്ങലുകളും വീർപ്പുമുട്ടലുകളും ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് ഇവരെ കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായാണ് പച്ചക്കറി കൃഷിയും മത്സ്യംവളർത്തലും ആരംഭിച്ചതെന്ന് സൂപ്പർവൈസർ ജാക്സൺ പറഞ്ഞു.
ഇങ്ങനെയുള്ളവർകകുള്ള മാനസിക സമീപനത്തോടെയുള്ള ചികിത്സാരീതിയായാണ് പച്ചക്കറികൃഷിയും വാഴകൃഷിയും മത്സ്യം വളർത്തലും ആരംഭിച്ചത്. ഇത് നൂറുശതമാനവും വിജയമാണെന്നാണ് പകൽവീട്ടിലെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.
പച്ചക്കറികളും മറ്റു ചെടികളും വളർന്നതോടൊപ്പം അന്തേവാസികളിൽ ഭൂരിഭാഗം പേരും സാധാരണ ജീവിതത്തിലേക്ക് ഉണർന്നു വരികയാണെന്നും മാസത്തിലൊരിക്കൽ ഇവരെ പരിശോധിക്കാനെത്തുന്ന ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ സാക്ഷ്യപ്പെടുത്തുന്നു.
മൂന്നു മാസം മുമ്പ് ഇവിടെയെത്തിയ ആരോഗ്യമന്ത്രി കെ. കെ. ശൈലജ പകൽവീടിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ നഗരസഭയെയും ഇവിടത്തെ ജീവനക്കാരേയും പ്രത്യേകം അഭിനന്ദിച്ചിരുന്നു. ജീവിത ദുരിതങ്ങളുടെ കയ്പേറിയ കദനകഥകൾ നിറഞ്ഞതാണ് ഇവിടെയുള്ള പലരുടേയും ഭൂതകാലം.
മാതാവിന്റെ മരണം മനസിനേൽപ്പിച്ച ഷോക്കിൽ ഓർമകൾ പോലുമില്ലാതെ 12 വർഷത്തോളം കഴിഞ്ഞിരുന്ന മുംതാസിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്് വൈദ്യശാസ്ത്രംപോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
കിഴക്കേ കണ്ടങ്കാളിയിലെ കല്യാണിയമ്മയ്ക്കും മുതിയലത്തെ യശോദാമ്മയ്ക്കും കാറമേലിലെ തമ്പായിക്കും ഒറ്റപ്പെടലിന്റെ വേദന ഇന്നില്ല.ആത്മഹത്യയുടെ മുനമ്പിൽനിന്നും ഇവിടെ എത്തിയവരുമുണ്ട്.
പാട്ടും കഥകളും ആംഗ്യപ്പാട്ടുകളുമായി പതിനെട്ട് വയസുള്ള എട്ടിക്കുളത്തെ മുംതാസ് മുതൽ തൊണ്ണൂറ്റിമൂന്നുകാരിയായ മുത്തത്തിയിലെ പാർവതിയമ്മ വരെ ജീവിത ഏടുകളിലെ ദു:ഖങ്ങളോട് വിടപറഞ്ഞ്് ഇവിടെ സന്തോഷത്തിന്റെ ലോകമാണ് പടുത്തുയർത്തിയിരിക്കുന്നത്.
ജാതി–മത–പ്രായ വേലിക്കെട്ടുകൾക്കപ്പുറത്ത് ഇവരെല്ലാം ചേർന്നുണ്ടാക്കിയ സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാൽ ബന്ധിക്കപ്പെട്ട ഒരു പുതിയ ലോകത്താണിവർ.
സ്്നേഹിക്കാനും സ്നേഹിക്കപ്പെടാനും സുഖദുഖങ്ങൾ പങ്കുവയ്ക്കാനും പരിചരിക്കാനും ആരൊക്കെയോ ഉണ്ടെന്നുള്ള ബോധ്യമാണ് ഇവരിൽ മാറ്റങ്ങളുണ്ടാക്കിയത്. ഇതിനിടയാക്കിയത്് ചികിത്സകളേക്കാളുപരി ഇവിടെ തുടങ്ങിയ കൃഷിയാണെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഫോൺ : സൂപ്പർവൈസർ
ജാക്സൺ ഫോൺ: 8943341416
പീറ്റർ ഏഴിമല