മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോൾ മാത്രമെ തെങ്ങിനു നൽകേണ്ട വളത്തിന്റെ അളവ് കൃത്യമായി നിർണ്ണയിക്കാനും കഴിയൂ. ആധുനിക കൃഷി സന്പ്രദായത്തിൽ മണ്ണു പരിശോധന അനിവാര്യമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്.
ഫലഭൂയിഷ്ഠമായ എക്കൽ മണ്ണോ, പശിമരാശി മണ്ണോ ആണ് തെങ്ങു കൃഷിക്ക് ഏറ്റവും യോജിച്ചത്. ചെങ്കൽ നിറഞ്ഞ പശിമരാശി മണ്ണും നീർവാർച്ചയുള്ള ചെളിപ്രദേശങ്ങളും മണൽ പ്രദേശങ്ങളും തെങ്ങുകൃഷിക്കു പറ്റിയതുതന്നെ. ഖരജലവാതകങ്ങളുടെ ഒരു പ്രത്യേക മിശ്രിതം കൂടിയാണ് ഈ മണ്ണ്. 25 ശതമാനം വായുവും അത്രതന്നെ വെള്ളവും 50 ശതമാനം ഖര പദാർഥങ്ങളും ഈ മണ്ണിൽ പൊതുവെ കാണപ്പെടുന്നുണ്ട്. ഖരപദാർഥങ്ങളിൽ അഞ്ചുശതമാനം ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളും ജൈവ പദാർഥങ്ങളെ വിഘടിപ്പിച്ച് ജൈവാശം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതാണ് തെങ്ങിൻ തൈകളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാംശങ്ങളും വെള്ളവും അവയ്ക്കു ലഭ്യമാക്കി കൊടുക്കുന്നത്. പഴമക്കാർ മണ്ണിന്റെ വളക്കൂറ് എന്നു പറയുന്നത് ഈ പ്രതിഭാസത്തെയാണ്.
തെങ്ങിൻ തൈകളുടെ ശരിയായ വളർച്ചയ്ക്ക് ചാണകം, ചാരം, പച്ചിലകൾ ഇവ മണ്ണിൽ ആവശ്യത്തിന് ലഭ്യമാക്കണം. പൊട്ടാഷിന്റെ അംശമാണ് തെങ്ങിൻതോപ്പിൽ കൂടുതലുണ്ടാകേണ്ടത്. ഇതുകൊണ്ടുതന്നെ തെങ്ങിൻ തൈ നടുന്പോൾ തന്നെ ചാരം ഇട്ടുകൊടുക്കുന്ന ഒരു രീതി കർഷകർക്കിടയിലുണ്ട്. മാവിലയുടെ ചാരമാണ് ഏറ്റവും നല്ലതെന്ന ഒരഭിപ്രായവും കേരളത്തിലെ തെങ്ങു കർഷകർക്കിടയിലുണ്ട്.
തെങ്ങിൻ തൈയുടെ വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ തെങ്ങിൻ തൈ വയ്ക്കുന്ന മണ്ണിലുണ്ടാകണം. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയാണ് പ്രധാന മൂലകങ്ങൾ. കാൽസ്യം, മഗ്നീഷ്യം, ഗന്ധകം ഇവയും തെങ്ങിൻ തൈകളുടെ വളർച്ചയ്ക്കനുയോജ്യമാണ്. ഇവ ഒരു പ്രത്യേക അളവിലും അനുപാതത്തിലും ഉപയോഗപ്പെടുത്തുന്പോഴാണ് തെങ്ങിൻ തൈയ്ക്ക് നല്ല വളർച്ചയുണ്ടാകുന്നത്.
ചെലവുകുറച്ച് പരമാവധി വിളവു ലഭിക്കുന്നതിന് പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ എത്രയളവിൽ ചേർക്കണമെന്ന് കേരള കാർഷിക സർവകലാശാലയുടെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. ആദ്യം മണ്ണിലെ ഈ മൂലകങ്ങളുടെ അളവു തിട്ടപ്പെടുത്തണം. ഇപ്രകാരം തിട്ടപ്പെടുത്താൻ മണ്ണു പരിശോധന അനിവാര്യമാണ്. പരിശോധനയിൽ തെങ്ങിന്റെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ അത് നിൽക്കുന്ന മണ്ണിലുണ്ടെങ്കിൽ പിന്നെ അധികം വളപ്രയോഗം ആവശ്യമില്ല. മണ്ണറിഞ്ഞു വേണം തെങ്ങിൻ തൈ വയ്ക്കാൻ എന്ന് പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. എന്നാൽ മണ്ണുപരിശോധനയിൽ മൂലകങ്ങളുടെ കുറവ് ബോധ്യപ്പെട്ടാൽ വളപ്രയോഗത്തിലൂടെ അത് പരിഹരിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ തെങ്ങിൻ തൈ നല്ല വളർച്ച പ്രകടമാക്കൂ.
മേൽത്തട്ടിലെ ഒരടി താഴ്ചയിലുള്ള മണ്ണാണ് തെങ്ങു കൃഷിക്കുപയുക്തമായിട്ടുള്ളത്. ഈ മേൽമണ്ണിൽ പോഷക മൂലകങ്ങൾ ഉണ്ടായിരുന്നാൽ കൂടി അവ തെങ്ങിൻ തൈകൾക്ക് വലിച്ചെടുക്കാൻ സഹായിക്കുന്ന സാഹചര്യത്തിലാണോ എന്നും അറിയേണ്ടതുണ്ട്. കാരണം, ഇത് മണ്ണിന്റെ അമ്ലക്ഷാര ഗുണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ മണ്ണു പരിശോധനയിൽ ഏറെ പ്രാധാന്യം ഇതിനുണ്ട്. തെങ്ങിന്റെ വളപ്രയോഗത്തിനു മുന്പ് വർഷത്തിൽ ഒരു തവണ വീതം മണ്ണു പരിശോധന നടത്തേണ്ടതുണ്ട്.
മണ്ണിന്റെ ആഴം, രചന, ഘടന, ചരിവ്, നീർവാർച്ച സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം സാന്പിളുകൾ ഒരടി താഴ്ചയിൽ നിന്നും എടുക്കണം. തെങ്ങിൻ തൈകൾ വരിയായി നിൽക്കുന്നുവെങ്കിൽ അവയുടെ ഇടയിൽ നിന്നുവേണം മണ്ണ് ശേഖരിക്കാൻ. അപ്പോൾ മണ്ണിനെ തെങ്ങുകർഷകന് തിരിച്ചറിയാനാകും. ഇപ്രകാരമൊരു തിരിച്ചറിവ് തെങ്ങുകർഷകർക്കിടയിലുണ്ടാകണം. മണ്ണറിഞ്ഞും വിളയറിഞ്ഞും വളം ചെയ്യണമെന്ന പഴമൊഴി വിരൽ ചൂണ്ടുന്നതും ഈ തിരിച്ചറിവിലേക്കാണ്.
വിത്തു തേങ്ങയ്ക്കിതു നല്ലസമയം
നീര, ഇളനീർ, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാളികേരപ്പൊടി, വെന്ത വെളിച്ചെണ്ണ, കുള്ളൻ തെങ്ങുകൾ എന്നിങ്ങനെ മലയാളികളുടെ സ്വന്തം കല്പവൃക്ഷത്തിന്റെ പെരുമയ്ക്ക് ഗരിമ കൂടുന്ന കാലമാണിത്.
തേങ്ങയിടാൻ ആളെക്കിട്ടാത്തതിനാൽ നിലത്തുനിന്നും വിളവെടുക്കാവുന്ന കുറിയ ഇനങ്ങൾക്കാണു പ്രിയം. കുറിയതാണെങ്കിലും നെടിയതാണെങ്കിലും വിത്തുതേങ്ങ ശേഖരിക്കാൻ ഇതാണ് നല്ല സമയം. ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വിത്തുതേങ്ങ ശേഖരിക്കാം. മേയ് ജൂണ് മാസം നഴ്സറികളിൽ പാകി തൈകളുണ്ടാക്കാം.
തെങ്ങ് ഒരു ദീർഘകാല വിളയാണ്. ഒരു പുരുഷായുസിനൊപ്പമോ അതിലുപരിയോ ആണിതിന്റെ ജീവിതകാലം. അതിനാൽ വിത്തിലൊക്കണം. വിത്തു നന്നാകണമെങ്കിൽ അമ്മത്തെങ്ങ് തികഞ്ഞ മാതൃഗുണങ്ങൾ ഉള്ളതാകണം.
ഉത്പാദന സ്ഥിരത, ഇരുപത് വർഷത്തിനുമേൽ പ്രായം, പ്രതിവർഷം എണ്പത് തേങ്ങയെങ്കിലും കിട്ടണം. കുറഞ്ഞപക്ഷം 12 കുലകളെങ്കിലും വേണം. കുറുകിയ ബലമുള്ള പൂങ്കുലത്തണ്ടുകൾ, രോഗബാധകൾ പാടില്ല. കുറുകിയതും ദൃഢതയുള്ളതുമായ ഓലകൾ, 30 ഓലകളെങ്കിലും ഉണ്ടാകണം. പൊതിച്ച നാളികേരത്തിന് അരക്കിലോയിലധികം തൂക്കം, തേങ്ങയുടെ കൊപ്രാ തൂക്കം 150ഗ്രാമിൽ കൂടുതൽ. വേനലിനെതിരേ പ്രതിരോധം. എന്നിങ്ങനെയുള്ള സവിശേഷതകളാണ് പൊതുവേ നിഷ്കർഷിക്കപ്പെടുന്നത്.
മൂപ്പെത്തിയതും നല്ല വെള്ളമുള്ളതുമായ വിത്തുതേങ്ങകൾ ക്ഷതമേൽക്കാതെ കെട്ടിയിറക്കുകയാകും ഉചിതം. വേനലേൽക്കാതെ നല്ല തണലിൽ സൂക്ഷിച്ച് തയാറാക്കിയ തവാരണകളിൽ മേയ്മാസാവസാനത്തോടെ പാകാം.
ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈകൾക്ക് കുറഞ്ഞത് ആറ് ഓലകൾ. തേങ്ങയുമായി ചേരുന്ന ചുവടുഭാഗത്തെ കടവണ്ണം (കണ്ണാടിക്കനം) 10 സെന്റീമീറ്റർ, നേരത്തെ ഓലക്കാലുകൾ വിരിയുന്ന സ്വഭാവം, തെങ്ങിൻ തൈകളുടെ വലുപ്പം, ഉയരം എന്നിവ കണക്കാക്കി നല്ലതിനെ മാത്രം നടീലിനായി തെരഞ്ഞെടുക്കാം.
ഓർക്കുക, തെങ്ങ് ഒരു ദീർഘകാല വിളയാണ്. വിത്തുതേങ്ങയെടുക്കലിലെ ചെറിയ അനാസ്ഥയ്ക്ക് വലിയ വിലതന്നെ നൽകേണ്ടിവരും.
എ. ജെ. അലക്സ് റോയ്
ഫോണ് : 9446275112, 9207706215
പോൾസണ് താം
ഫോണ്: 9495355436