പേരാമ്പ്ര: സർക്കാർ ഉത്തരവും രേഖകളും ഉണ്ടെങ്കിലും കുടുംബസമേതം താമസിക്കുന്ന കൃഷിഭൂമിയിൽ നിന്നു മരം വെട്ടണമെങ്കിൽ പോലും അനുമതി വേണമെന്ന വനം വകുപ്പിന്റെ വാദം കർഷകരെ വെട്ടിലാക്കുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് മേഖലയിൽ 253.73 ഏക്കർ സ്ഥലത്ത് ഇപ്പോൾ താമസിക്കുന്ന കുടുംബങ്ങളാണു 50 വർഷമായി നീതി നിഷേധിക്കപ്പെട്ടു കഴിയുന്നത്.
കുറ്റ്യാടി ജലസേചന പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടു കൊടുത്തവരെയാണ് അധികൃതർ വലയ്ക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി 1970ൽ പ്രത്യേക സർക്കാർ ഉത്തരവോടെ 52 പേർക്കാണു മുതുകാട്ടിൽ സ്ഥലം നൽകിയത്. ഇവർ മുതുകാട് സെറ്റിലേഴ്സ് എന്നാണു അറിയപ്പെടുന്നത്. ഈ സ്ഥലത്ത് ഇപ്പോൾ കുടുംബങ്ങളുടെ അംഗസംഖ്യ 270 ആയി.
ഭൂമിക്കു പട്ടയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ ഓഫീസിലെത്തുന്ന കർഷകരെ ചില വകുപ്പുദ്യോഗസ്ഥർ വലയ്ക്കുകയാണ്. ഇവരുടെ സ്ഥലത്തിനു ആധാരവും നികുതി ശീട്ടുമെല്ലാമുണ്ട്. 1970 ൽ സർക്കാർ ഇവർക്കു നൽകിയ സർക്കാർ ഉത്തരവുള്ളപ്പോൾ പ്രത്യേക പട്ടയം ആവശ്യമില്ലായെന്ന മറുപടിയാണു റവന്യൂ അധികാരികളിൽ നിന്നു ഇവർക്കു മറുപടി ലഭിച്ചത്. 2857 / 27-4- 1970 നമ്പർ പ്രകാരമാണു സർക്കാർ ഉത്തരവ്.
അതേസമയം ഈ ഉത്തരവ് അംഗീകരിക്കില്ലെന്നാണു വനം വകുപ്പിന്റെ നയം. കൊമ്മറ്റത്തിൽ സണ്ണിയെന്ന കർഷകൻ തന്റെ വീടിനു ഭീഷണിയായ സ്വന്തം പറമ്പിലെ തേക്കു മുറിച്ചു. ഇത് മില്ലിൽ കൊണ്ടുപോയി ഈരാൻ അനുവാദത്തിനായി കഴിഞ്ഞ വര്ഷം ഒക്ടോബര് 17ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അപേക്ഷ നൽകി.
കൈവശം, ലൊക്കേഷൻ സർട്ടിഫിക്കറ്റുകൾ, സ്കെച്ച്, ആധാരത്തിന്റെ പകർപ്പ്, ഭൂമി സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് എന്നിവയും പിന്നീട് മരവില രസീതും ഹാജരാക്കിയെങ്കിലും മരം കൊണ്ടു പോകാനുള്ള പാസ് ഇതുവരെ അനുവദിച്ചിട്ടില്ല. നാല് മാസമായി തടി വെട്ടിയിട്ടിടത്തു കിടക്കുകയാണ്. ഭൂമിയുടെ പട്ടയം ഹാജരാക്കാനാണു വനം മേലാളൻമാർ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പട്ടയം എങ്ങനെ ഹാജരാക്കാനാവും എന്നാണ് സണ്ണിയുടെയും കർഷകരുടെയും ചോദ്യം.