വടക്കഞ്ചേരി: ബാങ്കിൽനിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്നു കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കനറാബാങ്ക് വടക്കഞ്ചേരി ശാഖാ മാനേജരെ ബാങ്കിനുള്ളിൽ ഉപരോധിച്ചു. കർഷകന്റെ വായ്പ എഴുതിതള്ളുക, ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ ബാങ്കിനുള്ളിൽ കയറി മാനേജരെ അരമണിക്കൂറോളം സമയം തടഞ്ഞുവച്ചത്.
വിവരമറിഞ്ഞ്പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. യൂത്ത് കോണ്ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, ഡോ. അർസലൻ നിസാം, പഞ്ചായത്തംഗങ്ങളായ എ.ജോസ്, അഡ്വ. മനോജ്, നന്ദകുമാർ, അഡ്വ. ദിലീപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കഞ്ചേരിക്കടുത്ത് പാളയം സ്വദേശി ചടയപ്പൻ (65) തന്റെ കൃഷിയിടത്തിലെ മോട്ടോർ ഷെഡിൽ കടബാധ്യതയെ തുടർന്നു കയറിൽ തൂങ്ങി ആത്മഹത്യ ചെയ്തത്.
നെൽകൃഷിക്കായി ബാങ്കിൽനിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ റവന്യൂ റിക്കവറിക്കായി ബാങ്ക് വഴി കർഷകന് ജപ്തിനോട്ടീസ് നല്കിയിരുന്നു.അതേസമയം ബാങ്ക് വായ്പ സംബന്ധിച്ച് കനറാബാങ്ക് വടക്കഞ്ചേരി ശാഖാ മാനേജർ ഋഷികേശ് മോഹൻ നല്കുന്ന വിശദീകരണം ഇങ്ങനെ:
2012-ൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) എന്ന സ്കീമിലാണ് ചടയപ്പൻ കൃഷിക്കായി കരം അടച്ച രസീതിയുടെ സെക്യൂരിറ്റിയിൽ 50,000 രൂപ വായ്പ വാങ്ങിയത്.വായ്പയ്ക്കായി ഭൂമി പണയപ്പെടുത്തുകയോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. 2015ൽ വായ്പ പുതുക്കിയതായി കാണുന്നുണ്ട്.
പലിശ അടച്ച് പുതുക്കിയതാകാമെന്നു നാലുദിവസംമുന്പ് മാത്രം ബാങ്കിൽ മാനേജരായി ചാർജെടുത്ത ഋഷികേശ് പറഞ്ഞു.വായ്പയെടുത്ത സ്കീമിന്റെ നടപടിക്രമം അനുസരിച്ച് രണ്ടുവർഷത്തിനുശേഷമേ വായ്പ തിരിച്ചടയ്ക്കേണ്ടതുള്ളൂ. ഇതിനാൽ 2017-ലാണ് വായ്പ തിരിച്ചടയ്ക്കേണ്ടിയിരുന്നത്. ഇതിനിടെ കൃഷിമന്ത്രി വഴി മുഖ്യമന്ത്രിക്ക് ചടയപ്പൻ അപേക്ഷ നല്കിയിരുന്നു.
കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. രോഗം, കൃഷിനഷ്ടം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു ഇളവിനായി അപേക്ഷ നല്കിയത്.വിഷയം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും അപേക്ഷ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്കു വിട്ടു. എന്നാൽ ദേശസാത്കൃത ബാങ്കായതിനാൽ വായ്പ എഴുതിതള്ളാനുള്ള പ്രൊവിഷനുണ്ടായില്ല. കനറാബാങ്കിൽ തന്നെ ചടയപ്പന് എസ്ബി അക്കൗണ്ടുണ്ട്.
ഇതിൽ 12,000 രൂപയുള്ളതായി പറയുന്നു. ഈ പണം വായ്പയിലേക്ക് കൈമാറാനും നടപടിയുണ്ടായില്ല. കുറച്ചുകാലം ചടയപ്പൻ ബാങ്കുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ഇതിനിടെ ബാങ്ക് റിക്കവറി നടപടികളിലേക്കു നീങ്ങി വില്ലേജിൽനിന്നും ആർ.ആർ. പുറപ്പെടുവിക്കുകയും ചെയ്തു.സംഭവം സംബന്ധിച്ച് റീജിയണൽ ഓഫീസിലേക്കും മറ്റും റിപ്പോർട്ട് നല്കുമെന്നും ബാങ്ക് മാനേജർ അറിയിച്ചു.