കൊടകര: വിതക്കാതെ വിളവെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ചെന്പുച്ചിറയിലെ വാഴപ്പിള്ളി വീട്ടിൽ ദിലീഷ് കുമാർ. വിരിപ്പ് കൃഷിയുടെ വിളവെടുത്തപ്പോൾ നിലത്തുവീണ പാഴ്നെൽമണികൾ മുളച്ച് കതിരണിഞ്ഞത് കൊയ്തെടുക്കുന്ന തിരക്കിലാണ് ദിലീഷ്. ശ്രേയസ് വിത്തുപയോഗിച്ചാണ് ചെന്പുച്ചിറ പാടശേഖരത്തിലെ കുംഭംകുളങ്ങരയിൽ ദിലീഷ് വിരിപ്പുകൃഷി ചെയ്തത്.
യന്ത്രസഹായത്തോടെ കൊയത്തുനടത്തിയപ്പോൾ നിലത്തുവീണ നെൽമണികളാണ് മുളച്ച് ഇപ്പോൾ കൊയ്ത്തിനുപാകമായി നിൽക്കുന്നത്. ഇവിടെ മുണ്ടകൻ കൃഷിയിറക്കുന്നതിനായി ടില്ലറുപയോഗിച്ച് നിലമൊരുക്കിയിരുന്നു. കൃഷിക്കാവശ്യമായ വെള്ളം കിട്ടില്ലെന്ന ആശങ്ക വന്നപ്പോൾ കൃഷി വേണ്ടെന്നുവെച്ചു.
എന്നാൽ പാടത്ത് വീണുകിടന്ന നെൽമണികൾ മുളച്ചുവരുന്നതുകണ്ടപ്പോൾ നെൽച്ചെടികളെ പരിചരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരിയ തോതിൽ വളപ്രയോഗം നടത്തിയതോടെ നെൽച്ചെടികൾ കതിരണിഞ്ഞു. കളകൾ ഇല്ലാതിരുന്നതിനാൽ കൂലിച്ചെലവ് ഉണ്ടായില്ല. ഒരേക്കറോളം വരുന്ന പാടത്തെ പാഴ്്നെൽകൃഷിക്കായി ദിലീഷ് മുടക്കിയത് ആകെ 2500 രൂപ മാത്രമാണ്. സമീപത്തെ മറ്റ് കൃഷിയിടത്തിൽ വളർന്നുനിൽക്കുന്ന മുണ്ടകൻ കൃഷിക്കൊപ്പം ദിലീഷിന്റെ പാഴ്നെല്ലും കതിരിട്ടുനിൽക്കുകയാണിപ്പോൾ.
പാഴ്നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത്, വാർഡംഗം സുബിത വിനോദ്കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വകാര്യ എൻജിനീയറിംഗ് കോളജിലെ ജീവനക്കാരൻ കൂടിയായ ദിലീഷിന്റെ പാഴ്നെൽകൃഷി നാട്ടുകാരിൽ വിസ്മയം ജനിപ്പിച്ചിരിക്കയാണ്. മറ്റത്തൂർ കൃഷി ഭവൻ ഉദ്യോഗസ്ഥരടക്കമുള്ളവർ പാഴ്നെൽകൃഷി കാണാൻ എത്തിയിരുന്നു.