ആറടി മണ്ണിൽ സ്വയം ശവക്കുഴി കുത്തി അതിൽ കുഴിച്ചുമൂടാൻ ശ്രമിച്ചു തെലങ്കാനയിലെ കർഷകൻ. മെഹ്ബുബാബാദ് സ്വദേശിയായ മേക്ക സുധാകർ റെഡ്ഡി എന്ന കർഷകനാണു സ്വന്തം ശവക്കുഴി കുഴിച്ചു പ്രതിഷേധ സമരത്തിനിറങ്ങിയത്.
തനിക്ക് അവകാശപ്പെട്ട ഭൂരേഖകൾ അധികൃതർ നൽകാത്തതിനെ തുടർന്നായിരുന്നു സുധാകർ റെഡ്ഡിയുടെ വേറിട്ട പ്രതിഷേധം. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സുധാകർ റെഡ്ഡിയെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു. ഗ്രാമവാസികൾ എത്തിയാണു സുധാകർ റെഡ്ഡിയെ കുഴിയിൽനിന്നു പുറത്തിറക്കിയത്.
രമണ്ണഗുണ്ടം മണ്ഡലിൽ സുധാകർ റെഡ്ഡിക്കും സഹോദരങ്ങൾക്കുമായി പതിനഞ്ചേക്കർ സ്ഥലമുണ്ട്. എന്നാൽ ഇതിന്റെ ആധാരം (പട്ടാധാർ പാസ്ബുക്ക്) റവന്യൂ വകുപ്പിന്റെ കൈവശമാണ്. ഈ ആധാരം ആവശ്യപ്പെട്ടപ്പോൾ തരാനാകില്ലെന്നു റവന്യൂ ഉദ്യോഗസ്ഥർ മറുപടി നൽകി. ഒരു രാഷ്ട്രീയനേതാവ് ഇതു നൽകരുതെന്ന് തങ്ങളോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഉദ്യോസ്ഥരുടെ വാദം. ഇതേത്തുടർന്നാണു റെഡ്ഡിക്കു സമരത്തിന് ഇറങ്ങേണ്ടിവന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. മുൻകാലങ്ങളിലും ഉദ്യോസ്ഥർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്നെ ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടുമുണ്ട്.