കടുത്തുരുത്തി: വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ സ്വന്തമായി ഉദ്പാദിപ്പിച്ചു യുവകർഷകൻ. മാന്നാർ സ്വദേശിയായ പനയ്ക്കൽ ജെറി ജോസഫാണ് വിഷാംശമില്ലാത്ത പച്ചക്കറികൾ സ്വന്തം വീട്ടുവളപ്പിൽ തന്നെ ഉദ്പാദിപ്പിക്കുന്നത്. ഓണത്തിനായി ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുപയോഗിച്ചാണ് ജെറിയുടെ കൃഷി. വീട് ഇരിക്കുന്ന 40 സെന്റ് സ്ഥലത്താണ് ഇദേഹം അടുക്കളത്തോട്ടം രൂപപ്പെടുത്തിയത്.
റബർ, നെല്ല് കാർഷിക മേഖലയിൽ വർഷങ്ങളായി സജീവമായിട്ടുള്ള ജെറി പിന്നീട് പച്ചക്കറി കൃഷിയിലേക്കും തിരിയുകയായിരുന്നു. ഇഞ്ചി, മഞ്ഞൾ, കപ്പ, വാഴ, ചേന്പ്, പയർ, വെണ്ട, കത്രിക്ക, കോവയ്ക്ക, പീച്ചിൽ, വെള്ളരി, കുന്പളങ്ങ, മത്തങ്ങ, ബീൻസ്, ആഫ്രിക്കൻ മല്ലി, മുളക്, വഴുതന തുടങ്ങിയവയെല്ലാം ജെറിയുടെ കൃഷിയിടത്തിലുണ്ട്.
ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷി രീതി.
കാച്ചിൽ, ചെറുകിഴങ്ങ്, ചാരപൂവൻപഴം, റെഡ് ലേഡി കപ്ലങ്ങ, വിവിധതരം വാഴകൾ, ചുവപ്പ് കദളി എന്നിവയും ജെറി കൃഷി ചെയ്യുന്നുണ്ട്. ഇതിന് പുറമെ റബർ കൃഷിയും മാന്നാർ തെക്കുംപുറം പാടശേഖരത്തിൽ പത്ത് ഏക്കറിൽ നെൽകൃഷിയും ചെയ്യുന്നത്. ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തും ഗ്രോ ബാഗുമുപയോഗിച്ചു കൃഷി നടത്തിയും ജെറി നേട്ടമുണ്ടാക്കി.
പച്ചക്കറി കൃഷി ആരംഭിച്ചതിന് ശേഷം വീട്ടാവശ്യത്തിന് പണം നൽകി പച്ചക്കറികൾ വാങ്ങേണ്ടി വന്നട്ടില്ലെന്ന് ജെറി പറയുന്നു. വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിക്കാമെന്നതിനാൽ പറ്റുന്നവരെല്ലാം അടുക്കളകൃഷി ചെയ്യണമെന്നാണ് കടുത്തുരുത്തി കൃഷിഭവന് കീഴിൽ മികച്ച നെൽകർഷകനായി തെരഞ്ഞെടുക്കപെട്ടിട്ടുള്ള ജെറിയുടെ ഉപദേശം.