കോഴിക്കോട്: വീടിനു ഭീഷണിയായതിനെതുടർന്ന് മുറിച്ചുമാറ്റിയ തേക്കുമരം ഇർച്ചമില്ലിലെത്തിക്കാൻ പാസ് നിക്ഷേധിച്ച ഡിഎഫ്ഒയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് വനംവകുപ്പിന്റെ ജില്ലാ ഓഫീസിൽ ആത്മഹത്യാശ്രമം നടത്തിയ കർഷകനെതിരെയും വിവരമറിഞ്ഞെത്തിയ കർഷക നേതാക്കൾക്കെതിരെയും ഡിഎഫ്ഒയുടെ പരാതിയിൽ ക്രിമിനൽ കേസ്.
വനംവകുപ്പ് പീഡിപ്പിച്ചതിൽ മനംനൊന്ത് ഡിഎഫ്ഒ ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ച പേരാന്പ്ര ചക്കിട്ടപ്പാറ വില്ലേജിലെ മുതുകാട് സ്വദേശി കൊമ്മറ്റത്തിൽ ജോസഫ് എന്ന സണ്ണി( 55), ഇദ്ദേഹത്തെ അനുനയിപ്പിക്കാനെത്തിയ സംയുക്ത കർഷകസമരസമിതി നേതാക്കളായ ജിതേഷ് മുതുകാട്, ജോയി കണ്ണംചിറ, രാജൻ വർക്കി എന്നിവർക്കെതിരെയാണ് നടക്കാവ് പോലീസ് വ്യാഴാഴ്ച കേസെടുത്തത്.
കർഷകനെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന ഡിഎഫ്ഒ കെ.ജയപ്രകാശിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമം 309, 355 വകുപ്പുകൾപ്രകാരം ആത്മഹത്യാശ്രമത്തിന് ജോസഫിനെതിരെയും, ഓഫീസിൽ അതിക്രമിച്ചുകടന്ന് പ്രകോപനം സൃഷ്ടിച്ചതിന് ജോസഫടക്കം അഞ്ചുപേർക്കെതിരെയുമാണ് കേസ്. നിവൃത്തികേടുകൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യസ്ഥനായെത്തിയ ജില്ലാ കളക്ടർ എസ്.സാംബശിവറാവു ഇടപെട്ട് പ്രശ്നം രണ്ടാഴ്ച്ചക്കകം പരിഹരിക്കുമെന്ന് ജോസഫിന് ഉറപ്പുനൽകിയതിനുശേഷമാണ് ഡിഎഫ്ഒ നടക്കാവ് പോലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ച സ്ഥിതിക്ക് കേസെടുക്കാതെ വഴിയില്ലെന്നാണ്പോലീസിന്റെ നിലപാട്. ജനകീയപ്രശ്നത്തിൽ ഇടപെട്ട കർഷകനേതാക്കൾക്കെതിരെ ഡിഎഫ്ഒ പരാതിനൽകിയതിലും നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തതിലും മലയോരമേഖലയിൽ അമർഷം പുകയുകയാണ്.
മുറിച്ചുമാറ്റിയ തേക്ക് മില്ലിലേക്ക് കൊണ്ടുപോകാൻ അനുമതി തേടി ജോസഫ് എട്ടുമാസമായി വനംവകുപ്പിന്റെ പിറകെ നടക്കുകയാണ്. ജില്ലാ കളക്ടർ നിർദേശിച്ചിട്ടും ഡിഎഫ്ഒ പാസ് അനുവദിച്ചില്ല. വിഷയം ചർച്ചചെയ്യാൻ വ്യാഴാഴ്ച കളക്ടറേറ്റിൽ വനംവകുപ്പിന്റെയും കർഷകരുടെയും യോഗം കളക്ടർ വിളിച്ചിരുന്നു.
ജോസഫും കർഷക സംയുക്തസമര സമിതി നേതാക്കളും രാവിലെ തന്നെ കളക്ടറേറ്റിൽ എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡിഎഫ്ഒ ഹാജരായില്ല. ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഡിഎഫ്ഒ ഇ-മെയിൽ മുഖേന കളക്ടറെ അറിയിക്കുകയായിരുന്നു.
ഇതറിഞ്ഞ് മാനസീകസമ്മർദ്ദത്തിലായ ജോസഫ് പുറത്തേക്ക് പോയി കടയിൽനിന്ന് വാങ്ങിയ കയറുമായി നേരെ വനവകുപ്പ് ജില്ലാ ഓഫീസിൽ എത്തുകയായിരുന്നു. പാസ് ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ജോസഫ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ ജോസഫ് ഡിഎഫ്ഒ ഓഫീസിലെ ഫാനിലും കഴുത്തിലും കയർകുടുക്കി നിൽക്കുന്ന വിവരമറിഞ്ഞ് കർഷകനേതാക്കൾ അവിടെയെത്തുകയായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി പരിഹാരമുണ്ടാക്കാതെ താഴെഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. പിന്നീട് കളക്ടർ എത്തി പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പുനൽകിയശേഷമാണ് അദ്ദേഹം കുരുക്കഴിച്ച് താഴെയിറങ്ങിയത്.
ഇതിനിടെ കളക്ടറേറ്റിലെ ചിലരിൽനിന്ന് വിവരമറിഞ്ഞ് ഏതാനും മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിച്ചതാണെന്നാണ് ഡിഎഫ്ഒയുടെ പരാതി. സംഭവത്തിന്റെ നിജസ്ഥിതി മാധ്യമപ്രവർത്തകർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
സ്വന്തം കൃഷിയിടത്തിൽ വീടിനു ഭീഷണിയായി നിന്ന തേക്കുമരം കഴിഞ്ഞ ഒക്ടോബറിലാണ് ജോസഫ് മുറിച്ചത്.അത് മില്ലിൽ കൊണ്ടു പോയി ഈരാനായി അനുവാദം ചോദിച്ച് ആ മാസം 17 നു പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അപേക്ഷ നൽകി.
ആവശ്യപ്പെട്ട രേഖകളായ കൈവശം, ലൊക്കേഷൻ സർട്ടിഫിക്കേറ്റ്, സ്കെച്ച്, ആധാരത്തിന്റെ പകർപ്പ്, ഭൂമി സംബന്ധിച്ച സർക്കാർ നൽകിയ ഉത്തരവിന്റെ പകർപ്പ്, മരവില രസീത് എന്നിവയും ഹാജരാക്കിയെങ്കിലും മരം സ്ഥലത്തു നിന്നെടുത്തു കൊണ്ടു പോകാനുള്ള പാസ് അനുവദിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ സംയുക്ത കർഷക സംഘടനകൾ വിഷയം ഏറ്റെടുത്തു രംഗത്തു വന്നു.
ജോസഫിന്റെ മരവുമായി കോഴിക്കോട് കളക്ടറേറ്റിലേക്കു മാർച്ചു നടത്തുമെന്നു പ്രഖ്യാപിച്ചു. ഇതിനിടയിൽ കർഷക നേതാക്കളുമായി കളക്ടർ സാംബശിവറാവു പ്രശ്നം സംബന്ധിച്ചു ചർച്ച നടത്തി കർഷകരെ സഹായിക്കാനുള്ള നടപടികൾ കൈക്കൊള്ളാമെന്നു ഉറപ്പു നൽകിയിരുന്നു.
ജോസഫ് അടക്കം അൻപത്തിരണ്ടോളം പേർക്കു പുന:രധിവാസത്തിന്റെ ഭാഗമായാണു 1970 ൽ ഭൂമി സർക്കാർ പകരം നൽകിയത്. കുറ്റ്യാടി ജലസേചന സേചന പദ്ധതിക്കു സ്ഥലം വിട്ടു കൊടുത്തവരാണിവർ. സർക്കാർ ഇവർക്കു ഭൂമി പതിച്ചു കൊടുത്തതല്ല. 2857/27-4-1970 നമ്പർ സർക്കാർ ഉത്തരവ്പ്രകാരം പകരം നൽകിയതാണ്. സർക്കാർ ഉത്തരവുള്ളപ്പോൾ പ്രത്യേക പട്ടയം ആവശ്യമില്ലെന്നാണു തുടക്കം മുതൽ റവന്യു വകുപ്പ് ഭൂവുടമകളെ അറിയിച്ചത്. അതേസമയം ഈ ഉത്തരവു അംഗീകരിക്കുകയില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്.