ടോം ജോർജ്
വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കർഷകനും കാർഷിക സംരംഭകനുമാണ് ചേർത്തല വാരണം സരസ്വതി സദനത്തിൽ വി.ആർ. നിഷാദ്. കൃഷിക്കൊപ്പം ഇതിനുള്ള പ്രവർത്തനങ്ങൾകൂടി നടത്തുകയാണ് ഈ യുവകർഷകൻ.
ഓണ്‍ലൈൻ വിപണനസാധ്യതകൾ മുന്നിൽകണ്ട് 2018-ൽ ”മാരാരി ഫ്രഷ്’ എന്നപേരിൽ മാരാരിക്കുളത്തിന്റെ പച്ചക്കറികൾ ഓണ്‍ലൈനായി ഓർഡർ ചെയ്യാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചായിരുന്നു തുടക്കം. ഇതിൽ ഓർഡർ നൽകുന്നവരുടെ എണ്ണം കൂടിയപ്പോൾ 2020 മുതൽ ഇത് ഒരു ആപ്ളിക്കേഷൻ(ആപ്പ്) ആക്കിമാറ്റി. ഇതിൽ ദിവസവും 40-50 ഓർഡറുകൾ ലഭിച്ചുകൊണ്ടിരുന്നു.
ലോക്ഡൗണ്‍ സമയത്ത് 3000-4000 ഓർഡറുകളായി. വിതരണത്തിനായി അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിൽ നിന്ന് പ്രത്യേകാനുമതി വാങ്ങി. ഓട്ടമില്ലാതെ വലഞ്ഞ എറണാകുളത്തെ കുറേ ഓട്ടോറിക്ഷതൊഴിലാളികളെ തേടിപ്പിടിച്ച് ഓർഡർ ലഭിക്കുന്നവ വിതരണം ചെയ്യാനുള്ള ശൃഖലയൊരുക്കി. ആലപ്പുഴ മുതൽ അരൂർ വരെയാണ് നിലവിൽ പച്ചക്കറി നൽകുന്നത്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തും ഉടൻ വിപണനം ആരംഭിക്കാനാണു പദ്ധതി.
തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും വിപണനം. ഫ്രാഞ്ചൈസികൾ നൽകി മറ്റു സ്ഥലങ്ങളിലും പച്ചക്കറികൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ഫ്രാഞ്ചൈസികൾ ഓണ്‍ലൈൻ സപ്പോർട്ട് ചാർജായി 1500 രൂപ നൽകണം. ഓണ്‍ലൈൻ, ഓഫ്ലൈൻ വിതരണം അവർ നോക്കണം. സ്വന്തമായി ഷോപ്പുള്ള ആർക്കും സംരംഭകരാകാം. പച്ചക്കറിയും മറ്റും നിഷാദിന്റെ നേതൃത്വത്തിൽ എത്തിച്ചുകൊടുക്കും.
ആർക്കും വാങ്ങാം വിൽക്കാം
കഞ്ഞിക്കുഴിയിലെ പച്ചക്കറികൾ ഓർഡർ ചെയ്തു വാങ്ങാനുള്ള ആപ്പാണ് മാരാരിഫ്രഷ്. എന്നാൽ കേരളം മുഴുവനുമുള്ള കർഷകർക്കും വിൽപനക്കാർക്കും വാങ്ങാനും വിൽക്കാനുമുള്ള ഒരു പ്ളാറ്റ്ഫോം വേണമെന്ന ആശയത്തിലാണ് ഇതിനു കീഴിൽ “ഫാർമേഴ്സ് ഫസ്റ്റ്’ എന്ന മറ്റൊരു ആപ്പ് ഡിസൈൻചെയ്തത്.
കംപ്യൂട്ടർ വിദഗ്ധനായ കസിന്റെ സഹായത്തോടെയാണു നിഷാദ് ഓണ്‍ലൈൻ സേവനങ്ങൾ ഒരുക്കുന്നത്. മൂന്നുപേജുള്ള ആപ്പിൽ രജിസ്ട്രേഷൻ എളുപ്പമാണ്. ആദ്യത്തെ പേജിൽ കർഷകരുടെ വിവരങ്ങൾ നൽകണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നൽകാനുള്ള ഓപ്ഷനുണ്ട്.
മെയിൽ ഐഡി, വിലാസം, ബാങ്ക് അക്കൗണ്ട് നന്പർ തുടങ്ങിയവയൊക്കെ ഇവിടെ നൽകണം. രണ്ടാമത്തേത് കലണ്ടർ പേജാണ്. വിളകളുടെ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. എന്നു നട്ടു എന്നു വിളവെടുപ്പു പാകമാകും എന്നിവയൊക്കെ ഇതിൽ നൽകണം. ഒരു വ്യാപാരിക്ക് എവിടെയൊക്കെ ഉത്പന്നങ്ങളുണ്ട് എന്നറിയാൻ ഇതുമൂലം സാധിക്കും.
മൂന്നാമത്തെ പേജ് വ്യാപാരികൾക്കുള്ളതാണ്. എന്തൊക്കെ എവിടെയൊക്കെ സ്റ്റോക്ക് ഉണ്ടെന്ന് ഇതിൽ നോക്കിയാൽ മനസിലാകും. ബാങ്കിൽ പണമടച്ചശേഷം വിവരം നൽകിയാൽ അത്രയും ഉത്പന്നതൂക്കം കുറഞ്ഞതായി ആപ്ളിക്കേഷനിൽ കാണിക്കും. പാലക്കാടു മുതൽ തിരുവനന്തപുരം വരെ ഫാർമർ ഫസ്റ്റിന്റെ ലോറിസർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ഉണ്ടാകും.
വിൽക്കാനായുള്ളവർക്ക് ഈ വാഹനം കടന്നുവരുന്ന റോഡിൽ തങ്ങളുടെ ഉത്പന്നം എത്തിക്കാം. വാങ്ങുന്നവരും ഇതേരീതിയിൽ വാഹനം വരുന്ന വഴിയിൽ നിന്നാൽ മതിയാകും. അധികം വന്നാൽ അത് സർക്കാർ സംഭരിക്കത്തക്കരീതിയിലാണ് ക്രമീകരണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നു നിഷാദ് പറഞ്ഞു. ചിങ്ങം ഒന്നിന് ആപ്പിന്റെ ഉദ്ഘാടനം നടത്താനാണുദ്ദേശിക്കുന്നത്.
ഇതിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് വിപണി ആവശ്യത്തിനനുസരിച്ചുള്ളവ കൃഷിചെയ്യാൻ പരിശീലനം നൽകാനുമാകും. ഇത്തരത്തിലൊരു സംവിധാനം സർക്കാരിനും ആലോചിക്കാം. അല്ലെങ്കിൽ വാഹനസൗകര്യവും മറ്റുമൊരുക്കി ഈ ഉദ്യമത്തിൽ തന്നെ സഹായിക്കാനാകുമെന്നും നിഷാദ് പറയുന്നു.
സ്വന്തമായി കൃഷിയും
കാസർഗോഡ്, തൃശൂർ, ആലപ്പുഴ- മാരാരിക്കുളം, തിരുവനന്തപുരം- മുരിക്കുംപുഴ, പാലക്കാട്- വടകരപ്പതി എന്നിവിടങ്ങളിലൊക്കെ പാട്ടകൃഷി നടത്തുന്നുണ്ട് നിഷാദ്. കണിച്ചുകുളങ്ങര വിഎൻഎസ്എസ് സ്കൂൾഗ്രൗണ്ടിൽ രക്തശാലി എന്ന നാടൻ നെല്ലും നിഷാദിന്റെ നേതൃത്വത്തിൽ വിതച്ചിരിക്കുകയാണ്.
പാലക്കാട് കൊഴിഞ്ഞാന്പാറ, കൊല്ലംങ്കോട്, വടകരപ്പതി, എരിത്തേൻപതി, അഗളി കൃഷിഭവനുകൾ വഴിയും നിഷാദ് മാരാരിഫ്രഷിനുവേണ്ടി കർഷകരുടെ പക്കൽ നിന്നും പച്ചക്കറികൾ വാങ്ങിയിരുന്നു. അവരുടെ മുന്നിൽവച്ച് തൂക്കി അപ്പോൾതന്നെ പണം നൽകുകയാണു പതിവ്. ഇപ്പോൾ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം നൽകുന്നു.
ഒരു ദിവസം ആറു ടണ്‍വരെ ശേഖരിക്കാനുള്ള കഴിവ് ഇന്ന് ഈ ആപ്പിനുണ്ടെന്നും നിഷാദ് പറയുന്നു. സ്റ്റാർട്ടപ്പിലുൾപ്പെടുത്തി ഇത്തരം വിപണികൾ സൃഷ്ടിക്കാൻ മാത്രം സർക്കാർ ശ്രദ്ധിച്ചാൽ കർഷകർ ഉത്പാദനത്തിനായി മുന്നോട്ടുവരുമെന്നാണ് നിഷാദിന്റെ അഭിപ്രായം.
ഫോണ്‍ ; നിഷാദ്- 98463 35888.