കടുത്തുരുത്തി: പച്ചക്കറിയുടെ വില കുതിച്ചു കയറിയപ്പോളും കോതനല്ലൂര്‍ പാളിയില്‍ വീട്ടില്‍ ജെസി മാത്യുവിന് യാതൊരുവിധ ഭാവഭേദങ്ങളുമുണ്ടായിരുന്നില്ല.
വീടിന്റെ ടെറസിലും പുരയിടത്തിലുമായി ജെസി ഒരുക്കിയിരിക്കുന്ന പച്ചക്കറി തോട്ടം കൃഷി വകുപ്പിന് പോലും മാതൃകയാക്കാവുന്നതാണ്.
പത്ത് വര്‍ഷത്തിനിടെ വീട്ടിലേക്കു ഒരു രൂപയ്ക്കു പോലും പച്ചക്കറി വാങ്ങേണ്ടി വന്നിട്ടില്ലെന്ന് അഭിമാനത്തോടെ ഈ വീട്ടമ്മ പറയുമ്പോഴാണ് ഇവര്‍ ഒരുക്കിയിരിക്കുന്ന കാര്‍ഷിക നഴ്സറിയുടെ വലിപ്പവും മഹത്വവും മനസിലാവുക.
വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയെടുത്ത ശേഷം സമീപവാസികള്‍ക്കു സൗജന്യമായും ജെസി, ഒരു തരി പോലും വിഷാംശമില്ലാത്ത വിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
കാര്‍ഷിക മേഖലയിലെത്തിച്ചത് നവമാധ്യമങ്ങള്‍
മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെ നഴ്സായ ജെസി മാത്യുവിനെ കാര്‍ഷിക മേഖലയിലേക്കു തിരിച്ചു വിട്ടത് നവമാധ്യമങ്ങളായ വാട്സാപ്പും ഫേസ് ബുക്കുമാണ്.
സൗദിയില്‍ നഴ്സായിരുന്ന ജെസി 2011 ല്‍ നാട്ടിലേക്കു മടങ്ങി വന്നപ്പോളാണ് കാര്‍ഷിക മേഖലയിലേക്കു ചുവട് മാറ്റുന്നത്.
അതുവരെയുള്ള കാലങ്ങളില്‍ വീട്ടുമുറ്റത്തും ടെറസിലുമെല്ലാം ചെടികള്‍ നട്ടു വളര്‍ത്തിയിരുന്നു.
എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്ന ബഹുഭൂരിഭാഗം പച്ചക്കറികളിലും വലിയതോതില്‍ വിഷാംശം കലര്‍ന്നവയാണെന്ന് പഠനങ്ങള്‍ തെളിയിക്കുകയും മലയാളികള്‍ പണം കൊടുത്ത് വാങ്ങി ഭക്ഷിക്കുന്ന ഈ പച്ചക്കറികള്‍ രോഗം ക്ഷണിച്ചു വരുത്തുന്നവയാണെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തിയാര്‍ജിച്ചതും ഏതാണ്ട് ഇക്കാലത്ത് തന്നെയായിരുന്നു.
ഇതോടെയാണ് ചെടി സംരക്ഷണത്തില്‍ നിന്നും പച്ചക്കറി ഉത്പാദനത്തിലേക്കു ചുവട് മാറ്റാന്‍ ജെസിയെന്ന ആരോഗ്യ പ്രവര്‍ത്തക തീരുമാനിക്കുന്നത്.
കൃഷിക്കായി ടെറസിനെ ഒരുക്കി
തുടര്‍ന്ന് വീട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ വീടിന്റെ ടെറസ് കൃഷിക്കായി തയാറാക്കിയെടുത്തു. 400 ഓളം ഗ്രോ ബാഗുകള്‍ അടുക്കി വയ്ക്കുന്നതിനായി ജി ഐ പൈപ്പുകളുപയോഗിച്ചു സ്റ്റാന്‍ഡുകള്‍ തീര്‍ത്തു.
ഇതിന് തന്നെ വലിയൊരു തുക ചിലവായി. പിന്നീട് ഗ്രോ ബാഗുകളില്‍ മണ്ണ് നിറച്ചു ടെറസിലെ സ്റ്റാന്‍ഡിലെത്തിച്ചു.
മാഞ്ഞൂര്‍ കൃഷിഭവനില്‍ നിന്നും വിവിധ പച്ചക്കറികളുടെ വിത്തും വളവുമൊക്കെ ലഭിച്ചിട്ടുണ്ടെന്നു ജെസി പറഞ്ഞു.
സ്റ്റാന്‍ഡുകള്‍ നിറഞ്ഞതു കൂടാതെ ടെറസിലെ മറ്റു സ്ഥലത്തും മുറ്റത്തുമൊക്കെയായി ഏതാണ്ട് 450 ഓളം ചുവട് കൃഷിയാണ് ജെസി മാത്യുവിന്റെ സാമ്പാദ്യത്തിലുള്ളത്. ഇതു കൂടാതെ പറമ്പില്‍ വേറേയും കൃഷികളുണ്ട്.
വിഭവ സമൃദ്ധമായ കൃഷിയിടം
പീച്ചില്‍, പയര്‍, തക്കാളി, വഴുതന, വിവിധതരം മുളകുകള്‍, കാമ്പേജ്, കോളി ഫ്ളവര്‍, ചീര, വിവിധയിനം ചീരകള്‍, വെണ്ട, പാവല്‍, പലതരം പയറുകള്‍, മഞ്ഞള്‍, ഇഞ്ചി, ചേമ്പ്, ചേന എന്നിങ്ങനെ നീളുന്നു കൃഷിയിടത്തിലെ വിഭവങ്ങൾ.
കൂടുതലായും ചാണകപൊടിയാണ് കൃഷിക്കുപയോഗിക്കുന്നതെന്ന പറയുന്ന ജെസി, കീടബാധയില്‍ നിന്നുള്ള രക്ഷയ്ക്കു യാതൊരു പൊടികൈകളും ചെയ്യുന്നില്ല.
രണ്ട് മണിക്കൂറോളം തന്റെ കൃഷിക്കൊപ്പം ദിവസവും ചെലവഴിക്കാറുണ്ട്. ഭര്‍ത്താവ് കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറിയായ പി.ടി. ജോസഫും,
മക്കളായ ട്രീസാ മരിയ ജോസഫും, തോമസ് ജോസഫും ജെസിക്കു കൃഷിയിടത്തില്‍ ശക്തമായ പിന്തുണയും സഹായവുമായി ഒപ്പമുണ്ട്.
ഇടവകാംഗങ്ങള്‍ക്കായി കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ നടത്തിയ പച്ചക്കറിതോട്ട മത്സരത്തില്‍ പലതവണ വിജയിയായിട്ടുള്ള ജെസി മാത്യു 2020 ല്‍ പാലാ രൂപതാതലത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.