സെബി മാത്യു
ന്യൂഡൽഹി: ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ചു കേന്ദ്രസർക്കാർ ഒരുവശത്ത് കാത്തിരിക്കുന്പോൾ മറുവശത്ത് സമരം കൂടുതൽ ശക്തമാക്കി കർഷകർ.
ഇന്നു രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്ത കർഷകസംഘടനകൾ, എട്ടിന് ഭാരത ബന്ദും പ്രഖ്യാപിച്ചു. ഇന്നു കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.
ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടാൽ ഡൽഹിയിലേക്കുള്ള ഭക്ഷ്യവിതരണം തന്നെ സ്തംഭിപ്പിക്കുമെന്നു കർഷകർ മുന്നറിയിപ്പു നൽകി.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരോടും ഡൽഹിയിലേക്കു മാർച്ച് ചെയ്യാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിലേക്കുള്ള പല സുപ്രധാന പാതകളും കർഷകർ ഇന്നലെത്തന്നെ ഉപരോധിച്ചിരുന്നു.
കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽനിന്നുള്ള എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ മടക്കി നൽകി.
കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നും മിനിമം താങ്ങുവില സംവിധാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചു.
ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു കർഷകർ.
കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ അടിയന്തരമായി നീക്കംചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജിയെത്തി. ഡൽഹി നിവാസിയായ ഋഷഭ് ശർമയാണു ഹർജി നൽകിയത്.
സമരം ചെയ്യുന്ന കർഷകർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വിലയിരുത്താൻ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ ഇന്നലെ സമരം നടക്കുന്ന സിംഗു അതിർത്തിയിലെത്തി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഫോണിലൂടെ വിവിധ കർഷക നേതാക്കളുമായി സംസാരിച്ച് ഐക്യദാർഢ്യം അറിയിച്ചു.
കർഷക പ്രക്ഷോഭത്തിന് ആർഎസ്എസിന്റെ കാർഷിക സംഘടനയായ ഭാരതീയ കിസാൻ സംഘും പിന്തുണ പ്രഖ്യാപിച്ചു. സംഘപരിവാർ അനുകൂല സംഘടനയായ സ്വദേശി ജാഗരണ് മഞ്ചും കാർഷിക നിയമങ്ങളെ എതിർത്തു.
എന്നാൽ, സമരത്തിൽ പങ്കെടുക്കില്ല. തങ്ങളുടെ രീതിയനുസരിച്ചുള്ള മാർഗങ്ങളിലൂടെ പ്രതിഷേധവുമായി മുന്നോട്ടു നീങ്ങുമെന്ന് ജാഗരൺ മഞ്ച് നേതാക്കൾ അറിയിച്ചു.
എട്ടിനു ഭാരത ബന്ദ്
ന്യൂഡൽഹി: സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈമാസം എട്ടിന് കർഷകസംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചു.
കർഷക സംഘടനകളുടെ ഇന്നലെ നടന്ന യോഗത്തിനുശേഷം ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഹർവീന്ദർ സിംഗ് ലഖോവാളാണു ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.
ദേശീയ പാതകളിലെ എല്ലാ ടോൾ ബൂത്തുകളും ഉപരോധിച്ചു ടോൾ പിരിക്കുന്നതു തടയും. തങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി പ്രത്യേക കാർഷിക കോടതികൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കേരളത്തെ ഒഴിവാക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാൽ ഭാരത ബന്ദിൽനിന്നു കേരളത്തെ ഒഴിവാക്കിയേക്കും. അഞ്ചു ജില്ലകളിൽ അന്നു വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണിത്.
ബദൽ സമര മാർഗങ്ങളെക്കുറിച്ച് മറ്റു കർഷക സംഘടനകളുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നു കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാലും കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടിയും അറിയിച്ചു.