സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന കർഷക സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ വിളിച്ച ആറാംഘട്ട ചർച്ചയും പരാജയം.
40 കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രം ജനുവരി നാലിന് വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിന്നു. നിയമം കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളേക്കാൾ കഠിനമാണ് പിൻവലിക്കാനുള്ള നടപടികൾ എന്നു കേന്ദ്ര മന്ത്രിമാർ വിശദീകരിച്ചു.
കർഷകർ ഉന്നയിച്ച അൻപതു ശതമാനം പ്രശ്നങ്ങളിലും ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും ചർച്ചയ്ക്കുശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അതിശൈത്യം കണക്കിലെടുത്ത് സമരസ്ഥലത്തുനിന്നു മുതിർന്നവരെയും കുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈദ്യുതി ഭേദഗതി ബില്ലും അന്തരീക്ഷ മലിനീകരണ നിയമത്തിലെ ശിക്ഷാവ്യവസ്ഥകളിലും കർഷകർക്ക് ഇളവുകൾ നൽകാമെന്നും സർക്കാർ ഉറപ്പുനൽകി. സുപ്രീംകോടതി നിർദേശിച്ചത് അനുസരിച്ച് കർഷക പ്രതിനിധികളെയും സർക്കാർ ശിപാർശ ചെയ്യുന്ന പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാമെന്നും ഉറപ്പു നൽകി.
അതേസമയം മറ്റു മന്ത്രിമാരുമായി ചർച്ച നടത്തുന്നത് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോണ്ഗ്രസും ശിരോമണി അകാലി ദളും കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ ഡൽഹിയിൽനിന്നു മടങ്ങില്ലെന്നും പുതുവർഷം കർഷക സമരവേദിയിൽ തന്നെ ആഘോഷിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത് പറഞ്ഞു.
ആറാം ഘട്ട ചർച്ച നിർണായകമാണെന്നും കർഷകരെ പുതുവർഷം അവരവരുടെ വീടുകളിൽ ആഘോഷിക്കാൻ പറഞ്ഞുവിടുമെന്നും പറഞ്ഞാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ എത്തിയത്.
എന്നാൽ, സമവായത്തിനായി സർക്കാർ മുന്നോട്ടു വച്ച താത്കാലിക ആശ്വാസ നയങ്ങളൊന്നും തന്നെ കർഷക സംഘടനകൾ കണക്കിലെടുത്തില്ല.