തുന്പൂർ: പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് തുന്പൂർ വഴിക്കിലിച്ചിറക്കു സമീപം താമസിക്കുന്ന മാളിയേക്കൽ വീട്ടിൽ ഷാജുവും ബൈജുവും. സമ്മിശ്ര കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം.
കുട്ടിക്കാലം മുതൽ കൃഷിയിൽ അതീവ താത്പരനായിരുന്ന ഇവർ ഇടക്കാലത്ത് വിദേശത്തായിരുന്നുവെങ്കിലും നാട്ടിലെത്തി സമ്മിശ്ര കൃഷിരീതിയിൽ നേട്ടം കൊയ്യുകയാണിപ്പോൾ. നെൽകൃഷി, വാഴ, ഇടവിളകൾ, കന്നുകാലി, താറാവ്, നാടൻകോഴി, പശു എന്നിവ സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് ഈ ഇരട്ടസഹോദരന്മാരുടേത്. 35 ഏക്കറിലാണ് നെൽകൃഷി ചെയ്തത്. നെൽകൃഷിയോടൊപ്പം ഒരു എക്കറിൽ കൊള്ളി, നാല് ഏക്കറിൽ വാഴ, ഒരു ഏക്കറിൽ ചേന, ഇടവിളയായി പച്ചക്കറിയും ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷിചെയ്യുന്നുണ്ട്.
കൂടാതെ 24 പശു, 100 താറാവ്, നാടൻകോഴി, വാത്ത, നാടൻ കോഴി, കരിങ്കോഴി, ആട് എന്നിവയെ വളർത്തുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. 160 ലിറ്ററോളം പാൽ സൊസൈറ്റിയിൽ വിൽക്കുന്നു. ആദ്യവർഷം വെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെങ്കിലും രണ്ടു വർഷമായി ആ പ്രശ്നം ഉണ്ടായില്ലെന്നു ഇവർ പറഞ്ഞു.
ദീർഘകാലം ആഫ്രിക്കയിലെ അംഗോളയിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തിയശേഷം കാർഷിക മേഖലയിലേക്കിറങ്ങുകയായിരുന്നു. ജൈവരീതിയിൽ പരന്പരാഗത കൃഷി രീതികളാണ് ഇവർ അവലംബിക്കുന്നത്. ഉത്തരേന്ത്യൽ നിന്നുള്ള കാർഷിക കുടുംബത്തിലുള്ളവരാണ് ഇവരുടെ കൃഷിയിടത്തിലെ തൊഴിലാളികൾ. ഇവർക്കു സ്വന്തമായുള്ള കൃഷിയിടങ്ങൾക്കു പുറമേ പാട്ടത്തിനെടുത്തും കൃഷി നടത്തുന്നുണ്ട്.
കാർഷിക പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ഇവർക്ക് കൃഷിയെ തങ്ങളുടെ ജീവിതത്തിൽ വേറിട്ടു നിർത്താനാവുമായിരുന്നില്ല. ശാന്തമായ ജീവിതത്തിൽ കൃഷി നൽകുന്ന സന്തോഷം ഏറെ വലുതാണെന്ന തിരിച്ചറിവ് ഇവർക്കുണ്ടായിരുന്നു.
അതുകൊണ്ടാണ് പ്രവാസ ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു തിരികെ പോന്നത്. കഴിഞ്ഞ വർഷത്തെ കൃഷി വിലയിരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സമ്മിശ്ര കൃഷിക്കുള്ള പുരസ്കാരം ഇവർക്കു ലഭിച്ചിരുന്നു.
തൃശൂരിൽ നടന്ന കാർഷിക മേളയുടെ വേദിയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് അവാർഡ് സമ്മാനിച്ചത്. വേളൂക്കര പഞ്ചായത്തിന്റെ മികച്ച നെൽകർഷകൻ, തുന്പൂർ സർവീസ് സഹകരണ ബാങ്കിൽ മികച്ച് ക്ഷീര കർഷകൻ, മികച്ച നെൽകർഷകൻ, ആത്മ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഒരു കൃഷി മറ്റു കൃഷികൾക്കു ഗുണകരമാകുന്ന സമ്മിശ്രകൃഷിയിലൂടെ മുന്നേറാനായതാണ് ഈ കർഷകരുടെ വിജയത്തിന്റെ രഹസ്യം. കൃഷിയുടെ വിജയം തന്നെയാണ് ഈ സഹോദരന്മാരുടെ സന്തോഷം.