നെന്മാറ: വേനൽമഴ ലഭിച്ചതോടെ കാർഷികരംഗം ഉണർന്നു. ഒന്നാംവിള കൃഷിയിറക്കുന്നതിനായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ് കർഷകർ. രണ്ടാംവിളകൊയ്തടുത്തശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ കാലിവളവും മറ്റും ശേഖരിച്ച് ഒന്നാംവിളകൃഷിയിറക്കുന്ന പ്രതീക്ഷയോടെയാണ് കർഷകർ.
ഇടവിട്ടു പെയ്യുന്ന മഴയിൽ പാടശേഖരങ്ങളിൽ കളപെരുകുമെന്ന ഭീതിയിൽ ഞാറ്റടി തയാറാക്കുകയാണ് കർഷകർ. കഴിഞ്ഞ വിളകളിൽ കളശല്യം രൂക്ഷമായതിനാൽ കൂലിയിനത്തിൽ നല്ലൊരു തുക ചെലവായതിനെ തുടർന്നാണ് കർഷകരിൽ ചിലർ ഞാറ്റടി തയാറാക്കുന്നതിനൊരുങ്ങിയത്.
മൂപ്പുകുറഞ്ഞ ഉമ നെൽവിത്താണ് ഞാറ്റടി തയാറാക്കാൻ ഏറിയ പങ്കും കർഷകർ ഉപയോഗിച്ചിരിക്കുന്നത്. പൊടിയിൽ ഞാറ്റടി തയാറാക്കി 25 ദിവസംമുതൽ 35 ദിവസംവരെ മൂപ്പെത്തിയശേഷം നെൽച്ചെടികൾ പറിച്ചുനടുന്ന രീതിയാണ് പതിവ്.
കാലവർഷം കനിഞ്ഞ് സമയങ്ങളിൽ മഴ ലഭിച്ചു വെള്ളം കൂടുമെന്നുമുള്ള കണക്കുകൂട്ടലുകളിലാണ് കർഷകർ.
നടീൽ പണികൾക്കും മറ്റും അന്യസംസ്ഥാന തൊഴിലാളികളെ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കർഷകർ ഞാറ്റടി തയാറാക്കിയിരിക്കുന്നത്.