എം.വി. വസന്ത്
പാലക്കാട്: മഴയെ തോൽപ്പിച്ചിട്ടും കാര്യമില്ല, മനുഷ്യനെ തോൽപ്പിച്ചാലേ നെല്ലറയുടെ കർഷകനു രക്ഷയുള്ളു. കനത്ത മഴയെത്തും മുന്പേ വിളഞ്ഞു വീഴാറായ നെല്ലു കൊയ്തെടുക്കാനുള്ള പെടാപ്പാടിലാണ് കർഷകർ. പക്ഷേ, മഴയേക്കാളും കർഷകർ പേടിക്കുന്നത് ഏജന്റുമാരെയാണ്. കൊയ്ത്തു മുതൽ സംഭരണം വരെ നീളുന്ന ഏജന്റുമാരുടെ നിരയെ മറികടന്നുവേണം കർഷകർക്കു നെൽകൃഷിയുടെ ലാഭം കണക്കാക്കാൻ.
കൊയ്ത്തു തൊഴിലാളികൾക്കു ക്ഷാമം നേരിട്ടതോടെ മിക്കയിടങ്ങളിലും കൊയ്ത്തുയന്ത്രങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കർഷകർക്കും യന്ത്രഉടമകൾക്കും ഇടനിലക്കാരായി രംഗത്തുവരുന്നവരാണ് ഇപ്പോൾ കൊയ്ത്തിനു ഭീഷണിയായി നിലനില്ക്കുന്നത്. മണിക്കൂറിന് 1600 രൂപ നിരക്കിൽ കൊയ്ത്തുയന്ത്രം അനുവദിക്കാമെന്ന് ഉടമകൾ ഉറപ്പുനല്കുന്പോൾ 1800 ൽ കുറഞ്ഞ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഇടനിലക്കാർ.
മണിക്കൂറൊന്നിന് 200 രൂപ കമ്മീഷൻ വേണമെന്നതാണ് ഇവരുടെ നിലപാട്. എന്നാൽ 1650 രൂപ വരെ സഹിക്കാനുള്ള സ്ഥിതിവിശേഷമേ കർഷകർക്കുള്ളൂ. ഇടനിലക്കാരുടെ ഈ ചൂഷണത്തിനെതിരേ കർഷകർ രംഗത്തുവന്നിട്ടുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ജില്ലയിൽ മാത്രം ഒരു സീസണിൽ 170 കൊയ്ത്തുയന്ത്രങ്ങളെത്താറുണ്ട്. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്നും യന്ത്രങ്ങളെത്താറുണ്ട്.
ഇതിൽ ഇരുപതിൽ താഴെ യന്ത്രങ്ങളൊഴികെ ബാക്കിയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നാണു വരുന്നത്. ഉടമകൾ നേരിട്ടും ഏജന്റുമാരുടെ ഗ്രൂപ്പുകളുമാണ് യന്ത്രങ്ങൾ എത്തിക്കുക.മണിക്കൂറൊന്നിന് 1500 രൂപ ലഭിച്ചാലും ഉടമകൾക്കു കുഴപ്പമില്ലെന്നിരിക്കേ ഇടനിലക്കാരാണ് 1800 രൂപയെന്ന തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ കുറഞ്ഞ തുകയ്ക്കു യന്ത്രം പാടത്തിറക്കിയാൽ തടയുന്നതും ഇടനിലക്കാരുടെ പതിവാണ്. കഴിഞ്ഞദിവസം കുഴൽമന്ദം ഭാഗത്ത് ഇത്തരം സംഭവങ്ങളരങ്ങേറി.
അടുത്തയാഴ്ചയോടെ ജില്ലയിലെന്പാടും വിളവെടുപ്പു തുടങ്ങും. ഇതിനു മുന്നോടിയായാണ് ഇടനിലക്കാർ കർക്കശ നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. എങ്ങനെയെങ്കിലും നെല്ലു കൊയ്തെടുത്താൽ മതിയെന്ന കർഷകരുടെ ആശങ്കയ്ക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് ഇടനിലക്കാരുടെ ഇടപെടൽ. എന്നാൽ ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.
ജില്ലയിലെ നെല്ലുസംഭരണത്തെ അട്ടിമറിക്കുന്ന ഈ ശ്രമത്തിനെതിരേ വരുംദിവസങ്ങളിൽ സമരപരിപാടികളും സംഘടനകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനിടെ ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനന്റെ കാർഷിക പദ്ധതിയായ നിറയുടെ ഭാഗമായി കൊയ്ത്തിനു എഴുപത്തഞ്ചോളം കൊയ്ത്തുയന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. ഈ യന്ത്രങ്ങളുടെ ഉടമകളെയും പണിക്കാരെയും പിന്തിരിപ്പിക്കാൻ ഇടനിലക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം കുഴൽമന്ദത്തു ചേർന്ന ഇടനിലക്കാരുടെ ആലോചനയിലാണ് ഈ തീരുമാനം.