പഴയന്നൂർ: മോട്ടോർ തകരാറിലായ കോടത്തൂർ ജലസേചന പദ്ധതി പരിഹരിക്കാത്തതിൽ നെൽകൃഷി ഉണക്കുഭീഷണിയിൽ. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തകരാർ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കുമെന്ന് യു.ആർ.പ്രദീപ് കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കനാലിലൂടെ വെള്ളമെത്തിക്കാനായില്ല.
വെള്ളമെത്താത്തതിനെ തുടർന്ന് കരിഞ്ഞുണങ്ങി തുടങ്ങിയ ആയിരത്തോളം ഏക്കർ നെൽകൃഷി പ്രതിസന്ധിയിലായി. പഴയന്നൂർ പഞ്ചായത്തിലെ പത്തോളം പാടശേഖരത്തിലെ കൃഷി ദിവസങ്ങൾക്കുള്ളിൽ ഉണങ്ങി നശിക്കും. കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർ കനത്ത ബാധ്യതയിലാണ്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് കർഷകർ ആരോപിച്ചതിനുപിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ പാടശേഖര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഴയന്നൂർ-ആലത്തൂർ റോഡ് ഉപരോധിച്ചു.പഴയന്നൂർ പോലീസ് സ്ഥലത്തെത്തി കർഷകരെ അറസ്റ്റ് ചെയ്ത് നീക്കി.