സ്വന്തം ലേഖകൻ
പേരാമ്പ്ര: മണ്ണിൽ പണിയെടുത്തു വരുമാനമുണ്ടാക്കി ജീവിക്കാമെന്ന സ്വപ്നം ഇനി നടക്കില്ലെന്ന തിരിച്ചറിവും ബോധ്യവും വന്ന പേരാമ്പ്ര ചക്കിട്ടപാറ മലയോരത്തെ കർഷകർ കിടപ്പാടം വിട്ടു കുടിയിറങ്ങാൻ തയാറെടുക്കുന്നു. തങ്ങളുടെ കൃഷിയിടങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യം101 കർഷകർ സർക്കാരിനു മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് മേഖലയിൽ പെട്ട രണ്ടാം ചീളി താളിപ്പാറ കരിങ്കണ്ണി മല നിരകളിൽ പെട്ട കർഷകരാണു ഫലഭൂയിഷ്ടമായ തങ്ങളുടെ മണ്ണ് വില നിശ്ചയിച്ചു ഏറ്റെടുക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് വഴിയാണു അപേക്ഷ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. ഇതിൻമേൽ പ്രഥമ റിപ്പോർട്ട് കോഴിക്കോട് ഡിഎഫ്ഒ വഴി വനം വകുപ്പിന്റെ ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ട്.
101 പേരുടെ അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെയുള്ള മൊത്തം 160 ഏക്കർ സ്ഥലമാണ് വില നൽകി ഏറ്റെടുക്കണമെന്നു ഉടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കണമെന്ന നയത്തിന്റെ പ്രായോഗികത പൂഴിത്തോട്ടിൽ നടപ്പാകുമെന്ന പ്രതീക്ഷയിലാണു കർഷകരും വനംവകുപ്പും. കേരളത്തിലെ പ്രഥമ നിവേദനമാണ് ചക്കിട്ടപാറ പഞ്ചായത്തിൽ നിന്നു ഉയർന്നിരിക്കുന്നത്. ഒരുതരത്തിലും മണ്ണിൽ അധ്വാനിച്ചു ജീവിക്കാനാവുകയില്ലെന്ന തിരിച്ചറിവിന്റെ സ്പന്ദനങ്ങളാണു പൂഴിത്തോട് കുടിയേറ്റ മലനിരകളിൽ ഉയർന്നിരിക്കുന്നത്.
കൃഷിയിടത്തിലെ അപരിഹാര്യമായതും അതിരൂക്ഷവുമായ വന്യമൃഗ ശല്യമാണു കർഷകരെ അടിയറവു പറയിപ്പിച്ചതിന്റെ പ്രധാന കാരണം. നിർദ്ദിഷ്ട പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് വരുമെന്ന പ്രതീക്ഷയാണു പൂഴിത്തോട് മലനിരകളിലെ കർഷക ജനതയ്ക്കുണ്ടായിരുന്നത്.
25 വർഷം മുമ്പ് അത്യാഹ്ളാദത്തോടെ റോഡിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത കർഷകർ നിരാശയിലാണ്. റോഡു വരുമെന്നു ഉറപ്പു പറയേണ്ടവർ തന്നെ എതിർ ശബ്ദമുയർത്തുന്നത് അവരുടെ പ്രതീക്ഷകളെ തളർത്തിയിരിക്കുന്നു. വൈദ്യുതി വെളിച്ചത്തിൽ മികച്ച വീടുകളിൽ 42 കുടുംബങ്ങളാണു രണ്ടാം ചീളി താളിപ്പാറ കരിങ്കണ്ണി മേഖലകളിലെ പൊന്നു വിളയുന്ന മണ്ണിൽ ജീവിച്ചിരുന്നത്. അവിടെ ഇന്നു ഒരു കുടുംബവും താമസിക്കുന്നില്ല.
താഴെ പൂഴിത്തോട്ടിലും ചെമ്പനോടയിലും മരുതോങ്കരയിലുമൊക്കെയായി വാടക വീടുകളിൽ താമസിച്ചു കൂലിപ്പണിയെടുത്തു മക്കളെ പട്ടിണിക്കിടാതെ കുടുംബം പോറ്റുകയാണിന്നവർ. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു വന്യമൃഗങ്ങൾക്കു നടുവിൽ കൃഷിയിടത്തിലെ വീട്ടിൽ കഴിഞ്ഞ മരോട്ടിക്കുഴി മർക്കോസും ഒടുവിൽ കാട്ടാന തകർത്ത കിടപ്പാടം വിട്ടു പടിയിറങ്ങി.
കാട്ടുമൃഗങ്ങളോടു മല്ലിട്ടു തനിച്ചു താമസിച്ചിരുന്ന ചാച്ചി- ചിന്നായി സഹോദരിമാരിൽ ചിന്നായി കഴിഞ്ഞ വർഷം ഇടിമിന്നലിൽ മരിച്ചു. ചാച്ചി ചേടത്തി പൂഴിത്തോട്ടിലെ കിടപ്പാടം വിട്ടു ദൂരെ ദേശത്തു മക്കളുടെ കൂടെയായി. ഇവരുടെ സ്ഥലവും ഇതോടെ അനാഥമായി.