സ്വന്തം ലേഖകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി അലങ്കോലപ്പെടുത്താനും കർഷകസമരം അട്ടിമറിക്കാനും വ്യാപകനീക്കങ്ങൾ നടക്കുന്നെന്നു കർഷകസംഘടനകൾ.
കർഷകസമരം നടക്കുന്ന സിംഗു അതിർത്തിയിൽ കർഷകനേതാക്കളെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമെന്ന് ആരോപിച്ച് പിടികൂടിയ ഒരാളെ മാധ്യമങ്ങൾക്കു മുന്പാകെ ഹാജരാക്കിയശേഷം കർഷകർ പോലീസിനു കൈമാറി. എന്നാൽ, കർഷകർ തയാറാക്കിയ തിരക്കഥയാണിതെന്ന് കസ്റ്റഡിയിലായശേഷം പുറത്തുവന്ന വീഡിയോയിൽ അക്രമി പറയുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണ പദ്ധതിയുമായി എത്തിയ ആളെന്നാരോപിച്ച് മുഖംമൂടി ധരിച്ച ഒരാളെ കർഷകർ മാധ്യമങ്ങൾക്കു മുന്പാകെ ഹാജരാക്കിയത്.
റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിയിൽ കടന്നുകൂടി അത് അലങ്കോലപ്പെടുത്താനും നാല് കർഷകനേതാക്കളെ വെടിവച്ചു കൊലപ്പെടുത്താനും രണ്ടു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അതിലൊരാളാണ് താനെന്നും പിടിയിലായ മുഖംമൂടിധാരി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.
സമരക്കാരുടെ കൈവശം ആയുധങ്ങളുണ്ടോയെന്നു പരിശോധിക്കുകയായിരുന്നു ഇപ്പോഴുണ്ടായിരുന്ന ചുമതല. താൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ പോലീസിന്റെ ഒത്താശയോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഏൽപ്പിച്ചിരുന്നതെന്നു പറഞ്ഞ ഇയാൾ, ഗൂഢാലോചന നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പേരും മാധ്യമങ്ങൾക്കു മുന്പിൽ വെളിപ്പെടുത്തി.
ജനുവരി 19 മുതൽ സമരക്കാരുടെ ഇടയിലുണ്ടായിരുന്ന ഇവർ രണ്ടു സംഘങ്ങളായി തന്പടിച്ചിരിക്കുകയായിരുന്നു. കർഷക പ്രക്ഷോഭത്തിനിടയിലോ ട്രാക്ടർ റാലിക്കിടയിലോ പോലീസിനു നേരേ വെടിയുതിർത്തശേഷം അത് കർഷകർ ചെയ്തതാണന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.
ഇതിനായാണ് കർഷകരുടെ കൈവശം ആയുധങ്ങളുണ്ടോയെന്നു പരിശോധിച്ചത്. വെള്ളിയാഴ്ച സംശയാസ്പദമായാണ് ഇയാളെ പിടികൂടിയതെന്നും ചോദ്യംചെയ്തപ്പോൾ ഇയാൾ എല്ലാം തുറന്നുപറഞ്ഞതായും കർഷകർ പറഞ്ഞു.
മാധ്യമങ്ങൾക്കു മുന്പാകെ ഹാജരാക്കിയശേഷമാണ് ഇയാളെ സോനിപത് പോലീസിനു കൈമാറിയത്. ഇതിനു ശേഷമാണ് മുഖംമൂടിധാരിയായ ആളെന്നു പറഞ്ഞ് ഒരു വീഡിയോ പുറത്തിറങ്ങിയത്.
കർഷകർ തയാറാക്കിയ കാര്യങ്ങളാണ് താൻ മാധ്യമങ്ങൾക്കു മുന്പാകെ പറഞ്ഞതെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. യോഗേഷ് എന്നാണ് തന്റെ പേരെന്നും സമരത്തിലുള്ളവർ തന്നെ മർദിച്ചതായും ഇയാൾ ആരോപിക്കുന്നു.
എന്നാൽ, കർഷകർ കൈമാറിയ ആളാണ് വീഡിയോയിൽ ഉള്ളതെന്നു വ്യക്തമാക്കാൻ പോലീസ് തയാറായിട്ടില്ല.
വീഡിയോയിലുള്ള യോഗേഷ് യുപി സ്വദേശിയാണെന്നാണ് പറയുന്നത്. പോലീസ് കസ്റ്റഡിയിലുള്ള 21 വയസുള്ള യുവാവ് സോനേപത് സ്വദേശി തന്നെയാണെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.