സെബി മാത്യു
ന്യൂഡൽഹി: കർഷക സമരത്തിലേക്കു ഗുണ്ടകളുടെ നുഴഞ്ഞു കയറ്റവും അക്രമവും. ഡൽഹി അതിർത്തികളായ സിംഗു, തിക്രി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്കാണ് ഒരുപറ്റം സാമൂഹ്യവിരുദ്ധർ ഇരച്ചു കയറി കല്ലെറിഞ്ഞും ടെന്റുകൾ പൊളിച്ചു നീക്കിയും അക്രമം അഴിച്ചു വിട്ടത്. പ്രദേശവാസികൾ എന്ന വ്യാജേന എത്തിയവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് കർഷകർ ആരോപിച്ചു.
അതിനിടെ, ഇന്നലെ യുപിയിലെ മുസഫർനഗറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിന് കർഷകർ ഇന്നു ഗാസിപ്പുർ അതിർത്തിയിലേക്ക് എത്തും. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയ യുവാവിനെ കണ്ടെത്തുന്നതിനായി ഇന്നലെ പഞ്ചാബിലെ ജലന്ധറിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തി.
കുടിവെള്ളവുമായി എത്തുന്ന വാഹനങ്ങൾ പോലും തടസപ്പെടുത്തി പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്ന സിംഗു അതിർത്തിയിലേക്ക് ഇരുന്നൂറോളം വരുന്ന അക്രമി സംഘം വാഹനങ്ങളിൽ എത്തിയതിനു പിന്നിലും ദുരൂഹതയുണ്ട്.
സമര സ്ഥലം ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമികൾ കല്ലെറിയാൻ തുടങ്ങിയതോടെ കർഷകരും തിരിച്ചടിച്ചു.
സിംഗു അതിർത്തിയിലെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഉച്ചകഴിഞ്ഞു തിക്രിയിലും ആക്രമികൾ എത്തിയത്. ദേശീയ പതാകയെ അപമാനിക്കാൻ അനുവദിക്കില്ല എന്നാക്രോശിച്ചായിരുന്നു ആക്രമണം.
കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ കലാശിച്ചതിന്റെ പേരിലുള്ള പ്രത്യാക്രമണം എന്ന പേരിലാണ് അക്രമികൾ എത്തിയത്.
ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രമം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.
വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച ശേഷമായിരുന്നു ഒഴിപ്പിക്കൽ ശ്രമങ്ങൾ നടന്നത്. എന്നാൽ, പോലീസ് ശ്രമത്തെ കർഷകർ ശക്തമായി ചെറുത്തു.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സിംഗുവിൽ നടന്ന സംഘർഷത്തിനിടെ ആലിപ്പുർ പോലീസ് എസ്ഐക്ക് പരിക്കേറ്റു. തന്നെ വാളുകൊണ്ട് ആക്രമിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
കർഷക സമരവേദികളിൽ നടക്കുന്ന അക്രമങ്ങൾ കലാപങ്ങളേക്കാൾ കലുഷിതമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. ബിജെപിക്കുവേണ്ടി വോട്ട് ചെയ്ത ആളാണ് താൻ.
എന്നാൽ ഇപ്പോൾ അവരുടെ ധാർമികത തകർന്നിരിക്കുന്നു. എങ്കിലും സമരം സമാധാനപരമായി മുന്നോട്ടു പോകുമെന്ന് ടികായത് പറഞ്ഞു.