സെബി മാത്യു
ന്യൂഡൽഹി: കർഷകസമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്നും 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.
കർഷകസമരത്തെ പാർലമെന്റിൽ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ടികായത് രൂക്ഷവിമർശനം ഉന്നയിച്ചു.
മോദി ഇന്നുവരെ ഒരു സമരവും നയിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടില്ല. ഭഗത്സിംഗും എൽ.കെ. അഡ്വാനിയും സമരങ്ങൾ നയിച്ചിട്ടുണ്ടെന്നും സമരജീവികളെക്കുറിച്ച് മോദിക്ക് ഒന്നുംതന്നെ അറിയില്ലെന്നും പറഞ്ഞ് ടികായത് കുറ്റപ്പെടു ത്തി.
രാജ്യത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരജീവികൾ എന്നൊരു വിഭാഗം രൂപപ്പെട്ടു വരുന്നുണ്ടെന്ന് രാജ്യസഭയിൽ മോദി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കർഷകസമരം ഒക്ടോബർ രണ്ടു വരെ തുടരും. എന്നാൽ, അതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ല. കർഷകർ ഊഴമിട്ട് പല സംഘങ്ങളായി ഡൽഹി അതിർത്തികളിൽ സമരം തുടരുമെന്നും രാകേഷ് ടികായത് പറഞ്ഞു.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോഹവയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത കിസാൻ മഹാപഞ്ചായത്തിനെയും രാകേഷ് ടികായത് ഇന്നലെ അഭിസംബോധന ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭിവാനിയിലും ഈ മാസം ആദ്യം ഹരിയാനയിലെ തന്നെ ജിൻഡിലും കിസാൻ മഹാപഞ്ചായത്തുകളെ ടികായത് അഭിസംബോധന ചെയ്തിരുന്നു.
മിനിമം താങ്ങുവില രാജ്യത്ത് നിലനിൽക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് വെറും വിശ്വാസത്തിന്റെ ഉറപ്പിൽ മാത്രം രാജ്യം മുന്നോട്ടു പോകില്ലെന്നും നിയമം മൂലം ഉറപ്പു നൽകണമെന്നുമായിരുന്നു രാകേഷ് ടികായത് നൽകിയ മറുപടി.
മിനിമം താങ്ങുവില ഉറപ്പു നൽകുന്നു എന്ന് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആവർത്തിച്ചു പറയുന്പോൾ തന്നെ അക്കാര്യത്തിൽ നിയമം കൊണ്ടു വരുമോ എന്ന് വ്യക്തമാക്കാൻ അവർ തയാറാകുന്നില്ലെന്നും ടികായത് കുറ്റപ്പെടുത്തി.
കർഷകസമരത്തിന്റെ പേരിൽ ഇന്നലെയും ലോക്സഭയിൽ ഭരണപക്ഷവും പ്രതിപക്ഷങ്ങവും ഏറ്റുമുട്ടി. പ്രതിപക്ഷം കാരണമില്ലാതെ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുകയാണെന്ന് ബിജെപി എംപി റീത്ത ബഹുഗുണ ജോഷി ആരോപിച്ചു.
കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ എടുത്തിരിക്കുന്ന നിലപാട് പ്രധാനമന്ത്രിയുടെ അഭിമാനപ്രശ്നവുമായി ബന്ധപ്പെട്ടാണെന്ന് തൃണമൂൽ കോണ്ഗ്രസ് എംപി പ്രഫ. സൗഗത റോയ് പറഞ്ഞു.
രാജ്യത്ത് നിയമ നിർമാണങ്ങൾ നടത്തുന്പോൾ കർഷകർ ഉൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തുകയും പരിഗണിക്കുകയും ചെയ്യണമെന്ന് നാഷണൽ കോണ്ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ സർക്കാർ അവിടെയുള്ളവരെ കണക്കിലെടുത്തതേയില്ല. കാഷ്മീർ ജനത എല്ലാക്കാലവും ഇന്ത്യയെന്ന വികാരം ഹൃദയത്തിൽ പേറുന്നവരാണ്. ഇന്ത്യയുടെ ഭാഗമല്ല എന്ന് അവർ ഒരിക്കലും പറയില്ല.
പല അന്താരാഷ്ട്ര വേദികളിലും താൻ ഇന്ത്യക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട് . 85 വയസുള്ള താൻ ഇന്നത്തെ ഇന്ത്യയുടെ രൂപീകരണം മുതൽ കാണുന്നതാണ്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമൻ ഇവരുടെ മാത്രമാണെന്നാണ് ഇവർ കരുതുന്നതെന്ന് ബിജെപിയെ ചൂണ്ടി ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ശ്രീരാമൻ എല്ലാവരുടെയുമാണ്. ഖുറാനും എല്ലാവരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ മിനിമം താങ്ങുവില ഉറപ്പുനൽകുന്നത് പ്രസംഗങ്ങളിൽ മാത്രമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. മൂന്നോ നാലോ സംസ്ഥാനങ്ങളിലെ കർഷകർ ചേർന്ന് ഇപ്പോൾ രാജ്യത്തെ എല്ലാ കർഷകരെയും ഉണർത്തിയിരിക്കുകാണെന്നും അഖിലേഷ് പറഞ്ഞു.
രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ “സമരജീവി’ പരാമർശത്തെയും അഖിലേഷ് കുറ്റപ്പെടുത്തി. രാജ്യത്ത് പല പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട ്. സ്വാതന്ത്ര്യം തന്നെ നേടിയത് അത്തരം പ്രതിഷേധങ്ങളിലൂടെയാണ്.
പ്രതിഷേധിക്കുന്നവർ എല്ലാവരും സമരജീവികൾ ആണെങ്കിൽ ബിജെപിക്കാർ എല്ലാവരും സംഭാവന ജീവികൾ (ചന്ദ ജീവി) ആണെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപിക്കാർ തങ്ങളുടെ കൊടികളുമായി സദാസമയം പിരിവിനിറങ്ങുകയാണെന്നും സമാജ് വാദി പാർട്ടി എംപി പരിഹസിച്ചു.