എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സ്വർണപ്പണയത്തിനുമേലുള്ള കാർഷിക വായ്പയും പൊതുമേഖലാ ബാങ്കുകൾ നിർത്തിയതോടെ കർഷകരും ചെറുകിട കച്ചവടക്കാരും ആത്മഹത്യയുടെ വക്കിലായി. കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞതും പെട്രോളിന്റെയും ഡീസലിന്റെയും അനിയന്ത്രിതമായ വിലവർധനവും രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകർന്നിരുന്നത് സ്വർണം പണയത്തിൻമേലുള്ള കാർഷിക വായ്പയായിരുന്നു.
സർക്കാർ സബ്സിഡിയോടെ നാലു ശതമാനം പലിശയ്ക്കാണ് കാർഷിക വായ്പ അനുവദിച്ചിരുന്നത്. അത് കഴിഞ്ഞവർഷം ഒക്ടോബറോടെ നിർത്തലാക്കിയതോടെ വായ്പ എടുത്ത് കൃഷി നടത്തുകയും ചെറുകിട കച്ചവടം നടത്തുകയും ചെയ്തിരുന്നവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഡിസംബർ 18നാണ് കാർഷിക വായ്പ നിർത്തിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ സർക്കുലർ ഔദ്യോഗികമായി ബാങ്കുകൾക്ക് ലഭിച്ചത്.
എന്നാൽ സർക്കുലറിൽ ഒക്ടോബർ മുതലുള്ള മുൻകാല പ്രാബല്യം രേഖപ്പെടുത്തിയതിനാൽ ഒക്ടോബറിന് ശേഷം വച്ച എല്ലാ കാർഷക വായ്പകളും ഉയർന്ന പലിശ നിരക്കിലേക്ക് മാറി. ഒന്പതുശതമാനമാണ് റിസർവ് ബാങ്ക് നിശ്ചിയിച്ചിരിക്കുന്ന സാധാരണ പലിശ നിരക്ക്. എന്നാൽ ഒാരോ പൊതുമേഖലാ ബാങ്കും അവരുടെ ഇടപാടുകാർക്ക് ചില ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പലിശ നിരക്ക് 8.35 ശതമാനമാണ്. മൂന്നുലക്ഷം വരെയുള്ള വായ്പകൾക്കാണ് ഈ നിരക്ക്. അതിനു ശേഷമുള്ള വായ്പകളുടെ പലിശ നിരക്കിൽ ഓരോ ശതമാനത്തിന്റെ വർധനവുണ്ട്. ഇൻഡ്യൻ ബാങ്ക് ഒന്പത് ശതമാനവും കാനറാ ബാങ്ക് 8.8 ശതമാനം പലിശയുമാണ് ഈടാക്കുന്നത്. ഇതിനു പുറമേ ബാങ്കുകൾ സർവീസ് ചാർജ്ജും അപ്രൈസർ ചാർജജും വാങ്ങുന്നുണ്ട്. ഇതിലാണ് വലിയ കൊള്ള നടക്കുന്നത്.
നിശ്ചിത നിരക്കില്ലാതെ ഒാരോ ബാങ്കും സർവീസ് ചാർജ്ജും അപ്രൈസർ ചാർജ്ജും തോന്നുംപടിയാണ് വാങ്ങുന്നത്. ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ പങ്കുവയ്ക്കാനും ബാങ്കുകൾ തയ്യാറാവുന്നില്ല. ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വയ്ക്കുന്പോൾ കർഷകന് ഇതിനു മുന്പ് നാലായിരം രൂപ മാത്രമാണ് പലിശയായി നൽകേണ്ടി വന്നിരുന്നത്. ഇപ്പോഴത് ഒന്പതിനായിരം രൂപ നൽകേണ്ട സ്ഥിതിയാണ്. ഇതിന് പുറമേ ബാങ്കിന്റെ സർവീസ് ചാർജ്ജും അപ്രൈസർ ചാർജ്ജും കൂടി നൽകണം.
വിലക്കയറ്റത്തിലും കാർഷിക ഉത്പന്നങ്ങളുടെ വിലയിടവിലും കർഷകർ ആത്മഹത്യ ചെയ്യുന്ന കാലഘട്ടത്തിലാണ് സാധാരണക്കാർക്ക് ആശ്വാസമായിരുന്ന കാർഷികവായ്പ നിർത്തിയിരിക്കുന്നത്. ഇതുമൂലം വലിയ പ്രതിസന്ധിയാണ് കാർഷിക മേഖല നേരിടുന്നത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും കാരണം ജനം ദുരിതം അനുഭവിക്കുന്ന കാലഘട്ടത്തിലാണ് ഇരുട്ടടിയായി സ്വർണത്തിന് മേലുള്ള കാർഷിക വായ്പയും നിർത്തിയിരിക്കുന്നത്.
കേരളത്തിലെ കർഷകരാണ് കാർഷിക വായ്പയെ കൂടുതലും ആശ്രയിക്കുന്നത്. ഇതറിയാവുന്ന സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യത്തിൽ അനർഹർ വായ്പ വാങ്ങുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തുകയും റിസർവ് ബാങ്കിനെ സമീപിക്കുകയും ചെയ്തതെന്നതാണ് വിരോധാഭാസം. അനർഹരാണ് സ്വർണത്തിന് മേലുള്ള കാർഷിക വായ്പ കൂടുതലും എടുക്കുന്നതെന്ന സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ പ്രസ്താവനയാണ് ഈ പ്രശ്നം ദേശീയ തലത്തിലേക്ക് കൊണ്ടു പോയത്. ഇതിന്റെ ചുവടു പിടിച്ചുള്ള ചർച്ചകളും ഇടപെടലുകളും ആണ് അവസാനം പാവപ്പെട്ടവരുടെ വയറ്റത്തടിച്ചത്.
ഒക്ടോബർ 31 വരെ കാർഷിക വായ്പയ്ക്ക് സ്വർണം പണയം വച്ചവർക്ക് സബ്സിഡി ലഭിക്കും. അതിനു ശേഷം ഒരു ഇളവും ലഭിക്കുകയില്ല. പലിശ നിരക്കിൽ ഉടൻ കുറവു വരുത്താനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്ന മറുപടിയാണ് മിക്ക ബാങ്കുകളുടെയും പ്രതിനിധികൾ പറയുന്നത്. ഇടത്തരം വിഭാഗത്തിൽപ്പെട്ട എല്ലാ ജനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കർഷക ആത്മഹത്യകൾ വർധിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.