തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമ പരിഷ്കരണം കോർപറേറ്റ് അനുകൂലവും കർഷകവിരുദ്ധവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ കർഷക നിയമത്തിനെതിരേ പ്രമേയം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കർഷക സമരം ഐതിഹാസികമെന്നും ഇച്ഛാശക്തി ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കേരളം പിന്തുണ നൽകുകയാണ്. ഉത്പ്പന്നങ്ങളുടെ വ്യാപാരത്തിൽ കർഷകരെ കേന്ദ്രസർക്കാർ ഒഴിവാക്കി കോർപറേറ്റുകൾക്ക് കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന നിയമമാണ് നിലവിലുള്ളത്. ഇത് കേരളത്തെ സാരമായി ബാധിക്കും. കേന്ദ്രസർക്കാരിന്റെ നിയമത്തിനെതിരേ നിയമസഭകൾക്ക് ഇടപെടാനുള്ള ബാധ്യതയുണ്ട്.
കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കും. കർഷകരെയും സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഈ നിയമം പിൻവലിക്കണമെന്നും മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തിൽ കെ.സി. ജോസഫ് കോൺഗ്രസിൽ നിന്നു പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. പ്രമേയത്തിൽ മൂന്ന് ഭേദഗതികൾ വേണമെന്നും കെ.സി. ജോസഫ് നിർദേശിച്ചു.