സ്വന്തം ലേഖകൻ
തൃശൂർ: കാർഷിക സർവകലാശാലയിൽ നടന്ന സ്ത്രീപീഡനങ്ങൾ പുറംലോകത്തെത്തിച്ച ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. സർവകലാശാലയിലെ അഴിമതി പുറത്തുകൊണ്ടുവന്നവരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
എടപ്പാളിൽ കുട്ടിയെ പീഡിപ്പിച്ചയാളെ പുറം ലോകത്തിന് കാണിച്ചുകൊടുത്ത തിയറ്റർ ഉടമയെ അറസ്റ്റുചെയ്ത നടപടി നിയമസഭയിലടക്കം ബഹളത്തിനും നാണക്കേടിനും കാരണമായ സന്ദർഭത്തിലാണ് കാർഷിക സർവകലാശാലയിലെ പീഡനങ്ങളിൽ ഇരയോടൊപ്പം നിന്നവർക്ക് സ്ഥലം മാറ്റത്തിലൂടെ “ശിക്ഷ’ നൽകിയിരിക്കുന്നത്. വെള്ളായണി, തവനൂർ, അന്പലവയൽ കാന്പസുകളിലുള്ളവർക്കെതിരെയാണ് നടപടി.
തവനൂർ കാർഷിക എൻജിനിയറിംഗ് കോളജിലെ ഒരു അധ്യാപകന്റെ നിരന്തരമായ സ്ത്രീപീഡനങ്ങൾ പുറത്തു കൊണ്ടുവന്ന പ്രഫസറും മൂന്ന് ക്ലാസ് ത്രീ ജീവനക്കാരും സ്ഥലംമാറ്റം ലഭിച്ചവരിലുണ്ട്. മന്ത്രിയുടെ പാർട്ടിയുടെ സംഘടനയിൽ പെട്ടയാളെയും സ്ഥലം മാറ്റി. കാന്പസുകളിൽ തുടരെയുണ്ടാകുന്ന സ്ത്രീപീഡനങ്ങൾ പുറത്തുകൊണ്ടുവരുന്നതിലുള്ള വൈരാഗ്യമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപണമുയർന്നുകഴിഞ്ഞു.
മൂന്നു മാസംമുന്പ് തവനൂർ കോളജിലെ ഒരു അധ്യാപകൻ താൽക്കാലിക ഒഴിവിൽ ജോലി നൽകാമെന്നു പറഞ്ഞ് ഒരു വനിതാ ഉദ്യോഗാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോലി കിട്ടണമെങ്കിൽ തന്നെ വേണ്ടപോലെ കാണണമെന്നായിരുന്നു പ്രഫസറുടെ ആവശ്യം. തുടർന്ന് യുവതി മുഖ്യമന്ത്രിക്കും മറ്റു അധികാരികൾക്കും പരാതി നൽകി.
ഈ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ വിഷയത്തിൽ യുവതിക്കൊപ്പം നിന്നുവെന്ന ആരോപണം കണക്കിലെടുത്താണ് അസിസ്റ്റന്റ് പ്രഫസറെയും ജീവനക്കാരനെയും സ്ഥലംമാറ്റിയതെന്നു പറയുന്നു.
കാർഷിക സർവകലാശാലയുടെ അന്പലവയൽ കേന്ദ്രത്തിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഓർക്കിഡ് ഫെസ്റ്റിവൽ നടത്തിയതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം കിട്ടി. പൂപ്പൊലിയെന്ന പേരിൽ നടത്തിയ പരിപാടിയിൽ വൻ അഴിമിതിയാണു നടന്നതെന്ന് ജീവനക്കാർതന്നെ പറയുന്നു.
വെള്ളായണി കാർഷിക കോളജിൽ ഡയറി ഫാമിലെ അഴിമതിയും സ്ത്രീപീഡനവും ക്ലാസ് ഫോർ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയതും പുറംലോകത്തെ അറിയിച്ച ജീവനക്കാരനും സ്ഥലംമാറ്റിയവരിൽ ഉൾപ്പെടുന്നു.