തൃശൂർ: ബസിൽ പെണ്കുട്ടിക്കെതിരെ ലൈംഗികാക്രമണം നടത്തിയ കാർഷിക സർവകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസർവ് സ്റ്റേഷനിലെ മേധാവി പ്രഫ. ശ്രീനിവാസന്റെ (59) ജാമ്യാപേക്ഷ പോക്സോ സ്പെഷൽ സെഷൻസ് കോടതി തള്ളി. പെണ്കുട്ടിയുടെ മൊഴിപ്രകാരം നേരത്തെ ചാലക്കുടി പോലീസ് ശ്രീനിവാസനെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.
ഐപിസി 354ഉം പോക്സോ നിയമ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളുമാണു ശ്രീനിവാസ ന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ശ്രീനിവാസൻ 1982ൽ വെള്ളായണി കാർഷക കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ സ്വീപ്പറെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും 2010ൽ മണ്ണുത്തി കാർഷിക കോളജിൽ ജോലി ചെയ്യവെ അവിടുത്തെ ജീവനക്കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഈ കേസുകളിൽ വകുപ്പുതല നടപടികൾ നേരിടുകയും ആറുമാസത്തേക്കു സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് കാസർഗോട്ടേയ്ക്കു സ്ഥലംമാറ്റം ചെയ്യപ്പെടുകയും ചെയ്ത വ്യക്തികൂടിയാണു പ്രഫ. ശ്രീനിവാസൻ. പ്രതിക്കു ജാമ്യം അനുവദിച്ചാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നുള്ള പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യുവിന്റെ വാദത്തെ തുടർന്നാണു ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ അടുത്ത മാസം അഞ്ചു വരെ റിമാൻഡ് ചെയ്തു.
ജീവനക്കാരനെസസ്പെൻഡ് ചെയ്തു
തൃശൂർ: പോലീസുകാരിയെ കയറി പിടിച്ച കേസിൽ കാർഷിക സർവകലാശാലയിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം തൊഴിലാളി എം.പ്രശാന്തിനെയാണു മാനഭംഗ ശ്രമത്തിനു സസ്പെൻഡ് ചെയ്തത്. ഓടുന്ന ബസിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ചാലക്കുടി ഗവേഷണ കേന്ദ്രം മേധാവി പ്രഫ. ശ്രീനിവാസനെ കഴിഞ്ഞ ദിവസം കാർഷിക സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസം മാനഭംഗ കേസിൽ തന്നെ കാർഷിക സർവകലാശാലയിൽ വീണ്ടും സസ്പെൻഷൻ.
കഴിഞ്ഞ 12നു ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന ശോഭായാത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ കയറിപിടിക്കുകയും അപമാനിക്കുകയും ചെയ്തതിനാണു സസ്പെൻഷൻ. ശോഭാ യാത്ര കണ്ടുനിൽക്കുന്നതിടെയാണു പ്രശാന്ത് പരസ്യമായി വനിതാ പോലീസിനെ കയറി പിടിച്ചതത്രേ.
ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അപമാന ശ്രമത്തിനുമാണു തളിപ്പറന്പ് പോലീസ് കേസെടുത്തിരിക്കുന്നത്. കസറ്റഡിയിലെടുത്ത പ്രശാന്ത് കഴിഞ്ഞ 13 മുതൽ കണ്ണൂർ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കാർഷിക സർവകലാശാലയിലെ സിഐടിയു കർഷക തൊഴിലാളി യൂണിയന്റെ സജീവ പ്രവർത്തകനാണു പ്രശാന്ത്.
ശിക്ഷാ നടപടി ഒഴിവാക്കാൻ സമ്മർദമുണ്ടായിരുന്നെങ്കിലും ശ്രീനിവാസനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ പ്രശാന്തിനെയും സസ്പെൻഡ് ചെയ്യാൻ സർവകലാശാല നിർബന്ധിതമാവുകയായിരുന്നു. അടുത്ത കാലത്തു കാർഷിക സർവകലാശാലയിലെ അധ്യാപകരും മറ്റു വിഭാഗക്കാരും ഉൾപ്പെട്ട പത്തോളം പീഡന കേസുകൾ ഉണ്ടായെങ്കിലും ഒന്നിൽ പോലും ശിക്ഷ നടപടികൾ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.