സ്വന്തം ലേഖകൻ
കണ്ണൂർ: കർഷകർക്കു ജലസേചന ഉപകരണങ്ങൾ വാങ്ങുന്നതിന് സബ്സിഡിയായി കേന്ദ്രസർക്കാർ ജില്ലക്ക് 1.36 കോടി അനുവദിച്ചു. പ്രൈംമിനിസ്റ്റേഴ്സ് കൃഷി സിഞ്ചായി യോജന (പിഎംകെഎസ്വൈ) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പന്പ് സെറ്റ് വാങ്ങുന്നതിന്, കുഴൽ കിണർ നിർമാണം, ജലസംഭരണികളുടെ പുനരുദ്ധാരണം, നിർമാണം എന്നിവയ്ക്കാണ് കർഷകർക്ക് ധന സഹായം നൽകുന്നത്.
30 സെന്റ് ഭൂമിയുള്ള കർഷകർക്ക് ജലസേചനത്തിനായി പന്പ് സെറ്റ്്, മോട്ടോർ എന്നിവ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡിയാണ് പദ്ധതി പ്രകാരം നൽകുക. കൃഷിയിടങ്ങളിൽ കിണർ, കുളം എന്നിവയുള്ള കർഷകർക്കാണ് പന്പ്സെറ്റ് വാങ്ങുന്നതിന് സബ്സിഡി ഇനത്തിൽ പണം അനുവദിക്കുന്നത്. 30,000 രൂപ ചെലവ് വരുന്ന പദ്ധതിക്ക് 15,000 രൂപ പിഎംകെഎസ്വൈ പ്രകാരം സബ്സിഡിയായി ലഭിക്കും.
ഇതിനായി ജില്ലക്ക് 92 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുഴൽകിണർ നിർമാണത്തിന് 25,000 രൂപ സബ്സിഡിയായി കർഷകർക്കു ലഭിക്കും. ഇതിനായി ഗ്രൗണ്ട് വാട്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 50,000 രൂപയാണ് കുഴൽകിണർ നിർമാണത്തിനായി ചെലവ് കണക്കാക്കുന്നത്.ജലസംഭരണികളുടെ പുനരുദ്ധാരണത്തിന് 15,000 രൂപയും സബ്സിഡിയായി കർഷകർക്കു ലഭിക്കും.
പുതുതായി മഴവെള്ള സംഭരണികൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. 1.5 ലക്ഷം രൂപയാണ് ജലസംഭരണികളുടെ നിർമാണത്തിന് ചെലവ് കണക്കാകുന്നത്. ഇതിനായി 75,000 രൂപ വരെ കർഷകർക്ക് സബ്സിഡിയായി ലഭിക്കും. 2019ൽ 37.73 ലക്ഷം രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. തെങ്ങിൻതോപ്പ്, പച്ചക്കറികൃഷി തുടങ്ങിയ കൃഷികൾക്കെല്ലാം ജലസേചനത്തിന് ആവശ്യമായ പന്പ്സെറ്റ് വാങ്ങാൻ സബ്സിഡി അനുവദിക്കും.
ചുരുങ്ങിയത് 30 സെന്റ് സ്ഥലം വേണമെന്ന നിർബന്ധം മാത്രമാണുള്ളത്. സമീപത്തെ കൃഷിഭവനുകളുമായി ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭ്യമാകും.സബ്സിഡി ലഭിക്കുന്നത് സംബന്ധിച്ച് കർഷകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തതുകാരണം പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ജലസേചനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ, കുഴൽ കിണർ , ജലസംഭരണികൾ പുതുക്കൽ തുടങ്ങി കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ പോവുകയാണ്.
സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് നിലവിലുള്ളത്. സബ്സിഡി ആവശ്യമുള്ള കർഷകർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോളി അലക്സ് പറഞ്ഞു. കൂടുതൽ കർഷകർക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാക്കാനുള്ള ഫണ്ട് ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.